ബർട്ടമൂവിനെ പുറത്താക്കാനുള്ള നീക്കങ്ങൾ മുന്നോട്ട്, അവിശ്വാസ വോട്ടെടുപ്പിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി

ബർട്ടമൂവിനെതിരായ അവിശ്വാസ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായുള്ള ഒപ്പുകൾ സ്വീകരിച്ചുവെന്ന് ബാഴ്സലോണ അറിയിച്ചു. ഇതോടെ ക്ലബ് പ്രസിഡൻറിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിനായുള്ള ബാക്കി നടപടിക്രമങ്ങൾ ബാഴ്സക്കു പൂർത്തിയാക്കേണ്ടി വരുമെന്നുറപ്പായി. 20731 ഒപ്പുകൾ ലക്ഷ്യം വെച്ച ഗ്രൂപ്പിന് 20687 ഒപ്പുകൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞതെങ്കിലും മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഇതു മതിയാകും.

ഒപ്പുകൾ സ്വീകരിച്ചതിനു ശേഷം അതു പ്രസന്റ് ചെയ്യുന്ന ചടങ്ങാണ് രണ്ടാമത്തേത്. അതിനു ശേഷം ഒപ്പുകൾ പരിശോധിക്കുകയും ചെയ്യും. ആവശ്യമുള്ളത്ര ഒപ്പുകൾ ലഭിച്ചുവെന്നു മനസിലാക്കാനാണിത്. പത്തു ദിവസമാണ് ഇതിനുള്ള കാലാവധി. ആ സമയത്തിനുള്ളിൽ ഒപ്പുകൾ പരിശോധിച്ചു തീർക്കണം.

അതിനു ശേഷമാണ് ഈ നടപടി ക്രമങ്ങളിലെ ഏറ്റവും നിർണായക ഘട്ടമായ അഭിപ്രായ വോട്ടെടുപ്പിലേക്കു കടക്കുക. നാൽപതു ദിവസം കൊണ്ടു പൂർത്തിയാക്കേണ്ട ഈ ഘട്ടത്തിൽ ഓരോ മെമ്പർമാർക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താം. ബോർഡിനെ നേരത്തെ പുറത്താക്കാൻ മൂന്നിൽ രണ്ടു ബോർഡ് മെമ്പർമാരുടെയും പിന്തുണ വേണം.

മുന്നിൽ രണ്ടു വിഭാഗം മെമ്പർമാരും പിന്തുണച്ചാൽ അവിശ്വാസം നിലവിൽ വരികയും ഇലക്ഷൻ പ്രക്രിയ ആരംഭിക്കുകയും ചെയ്യും. അതിലൂടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്യും. നിലവിൽ മാർച്ചിലാണ് ഇലക്ഷൻ തീരുമാനിച്ചിരിക്കുന്നത്.

Rate this post