ട്രാൻസ്ഫർ മാർക്കറ്റിൽ ബാഴ്സക്ക് വീണ്ടും തിരിച്ചടി, ബാഴ്സ നോട്ടമിട്ട താരവുമായി ബയേൺ കരാറിലെത്തി.

തിരിച്ചടികൾക്ക് മേൽ തിരിച്ചടികളാണ് ബാഴ്‌സക്ക് കുറച്ചു കാലമായി നേരിടേണ്ടി വരുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ മറ്റേത് ടീമിനെക്കാളും കൂടുതൽ സൈനിങ്‌ ആവിശ്യമായിട്ടും ഒരെണ്ണം പോലും ബാഴ്‌സ നടത്തിയിട്ടില്ല. ബാഴ്സ നോട്ടമിട്ട താരങ്ങളെ പല വിധ കാരണങ്ങൾ കൊണ്ട് ബാഴ്സക്ക് നഷ്ടമാവുകയായിരുന്നു. ലൗറ്ററോ മാർട്ടിനെസ്, വിനാൾഡം, മെംഫിസ് ഡീപേ എന്നിവരെയൊക്കെ ബാഴ്സക്ക് ഇങ്ങനെ നഷ്ടമായതാണ്.

ഇപ്പോഴിതാ ട്രാൻസ്ഫർ മാർക്കറ്റിൽ മറ്റൊരു തിരിച്ചടി കൂടി ബാഴ്സക്കേറ്റിരിക്കുകയാണ്. ബാഴ്‌സ നോട്ടമിട്ട അയാക്സ് ഡിഫൻഡറെയും ബാഴ്സക്ക് നഷ്ടമായതായാണ് വാർത്തകൾ. ഇന്നലെയായിരുന്നു അയാക്സിന്റെ അമേരിക്കൻ ഫുൾ ബാക്കായ സെർജിനോ ഡെസ്റ്റിനെ കൂമാൻ ബാഴ്സയിൽ എത്തിക്കാൻ വേണ്ടി ശ്രമിച്ചിരുന്നതായി വാർത്തകൾ വന്നത്. എന്നാൽ അപ്പോൾ തന്നെ ബയേൺ ബാഴ്‌സക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. ഇപ്പോൾ താരവുമായി ബയേൺ കരാറിൽ എത്തിയതായാണ് റിപ്പോർട്ട്‌. പ്രമുഖ ജർമ്മൻ മാധ്യമമായ ബിൽഡ് ആണ് ഈ വാർത്ത പുറത്തേക്ക് വിട്ടത്.

സെർജിനോ ഡെസ്റ്റുമായാണ് ബയേൺ കരാറിൽ എത്തിയത് എന്നാണ് ബിൽഡിന്റെ വാദം. അഞ്ച് വർഷത്തെ കരാറാണ് ഈ പത്തൊൻപതുകാരൻ അംഗീകരിച്ചിരിക്കുന്നത്. എന്നാൽ അയാക്സുമായി ബയേൺ ധാരണയിൽ എത്തിയിട്ടില്ല. അതിനാൽ തന്നെ ബാഴ്സയുടെ പ്രതീക്ഷകൾ മുഴുവനായും അസ്തമിച്ചു എന്ന് പറയാനായിട്ടില്ല. എന്തെന്നാൽ അയാക്സ് ആവിശ്യപ്പെടുന്ന അത്ര തുകയൊന്നും ബയേൺ നൽകില്ല. ഇരുപത് മില്യൺ യുറോയെങ്കിലും ലഭിക്കണം എന്നാണ് അയാക്സിന്റെ നിലപാട്. എന്നാൽ ഇതു ബയേൺ അംഗീകരിക്കുമോ എന്ന് കണ്ടറിയണം.

പക്ഷെ പണത്തിന്റെ കാര്യത്തിൽ ബാഴ്‌സയും പിറകിലാണ്. അത്കൊണ്ടായിരുന്നു ഡീപ്പേ ട്രാൻസ്ഫറിൽ നിന്ന് ബാഴ്സ പിന്മാറിയത്. ഈ സീസണിൽ താരത്തെ ലോണിൽ എത്തിച്ച് അടുത്ത സീസണിൽ പണം നൽകാം എന്ന കണക്കുകൂട്ടലിലാണ് ബാഴ്സ. അയാക്സുമായുള്ള നല്ല ബന്ധം വെച്ച് അവർ ഇത് അംഗീകരിക്കും എന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. പക്ഷെ നെൽസൺ സെമെഡോയുടെ കാര്യം കൂടി തീരുമാനമാവാൻ ഉണ്ട്. താരത്തെ വിൽക്കാൻ സാധിക്കുക ആണെങ്കിൽ മാത്രമേ ബാഴ്സ ഡെസ്റ്റിനെ ടീമിൽ എത്തിക്കുകയൊള്ളൂ.

Rate this post