“തകർപ്പൻ ജയത്തോടെ ബാഴ്സലോണ മൂന്നാമത് ; മികച്ച വിജയങ്ങളുമായി ആഴ്സണലും ചെൽസിയും : ഇന്റർ മിലാൻ തോൽവിയിൽ നിന്നും രക്ഷപെട്ടു : ഡോർട്മുണ്ടിനും ജയം”
സ്പാനിഷ് ലാ ലീഗയിൽ സാവിയുടെ കീഴിൽ തകർപ്പൻ ഫോം തുടർന്ന് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ ഒസാസുനയെ തകർത്തത്.ആദ്യ 30 മിനിറ്റിൽ മൂന്ന് ഗോളുകൾക്ക് ബാഴ്സലോണ ലീഡ് നേടി വിജയമുറപ്പിച്ചു.മത്സരത്തിൽ ഫെറാൻ ടോറസ് രണ്ട് ഗോളുകളും ഒസ്മാൻ ഡെംബലെ രണ്ട് അസിസ്റ്റുകളും നേടി.പിയറി-എമെറിക്ക് ഔബമേയാങ്, റിക്കാർഡ് പ്യൂഗ് എന്നിവരാണ് ബാഴ്സയുടെ മറ്റു രണ്ടു ഗോളുകൾ നേടിയത്.ലീഗിലെ ബാഴ്സയുടെ നാലാമത്തെ തുടർച്ചയായ ജയമാന് ഇന്നലെ നേടിയത്.ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിനും റയൽ ബെറ്റിസിനെയും മറികടന്ന് ബാഴ്സ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
പുതിയ രൂപത്തിലുള്ള ബാഴ്സലോണ ആക്രമണം ശരിക്കും ആവേശഭരിതമായിരുന്നു. സീസണിലെ ഇരുണ്ട തുടക്കത്തിന് ശേഷം, ക്യാമ്പ് നൗ കാണികൾ ബാഴ്സയുടെ കാണികൾ പൂർണമായി ആസ്വദിക്കുകയാണ്.മിഡ്വീക്കിൽ ഗലാറ്റസറെയ്ക്കെതിരായ അവരുടെ മടക്ക മത്സരത്തിന് ശേഷം, അടുത്ത ഞായറാഴ്ച ക്ലാസിക്കോ എതിരാളികളുമായും ലാലിഗയുടെ മുൻനിരക്കാരുമായ റയൽ മാഡ്രിഡുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബാഴ്സലോണ ബെർണബ്യൂ വിലേക്ക് പോവും. റേയാളുമായുള്ള 12 പോയിന്റ് വ്യത്യാസം കുറക്കാനുള്ള അവസരമാണിത്.
ക്ലബ് പ്രതിസന്ധി നേരിടുമ്പോഴും പ്രീമിയർ ലീഗിൽ ജയം തുടർന്ന് ചെൽസി. 89 ആം മിനിറ്റിൽ കയ് ഹാവെർട്സ് നേടിയ ഗോളാണ് ന്യൂകാസിലിനെതിരെ ചെൽസിക്ക് വിലയേറിയ മൂന്ന് പോയിന്റ് സമ്മാനിച്ചത്. ജോർജീന്യോയുടെ തകർപ്പൻ ലോങ് പാസ് അസാധ്യ മികവോടെ ആണ് ഹവേർട്സ് നിയന്ത്രിച്ച് വലയിലെത്തിച്ചത്. ബോക്സിനുള്ളിൽ വെച്ച് ന്യൂകാസിൽ താരം ജേക്കബ് മർഫിയുടെ ഷർട്ട് ചലോബ പിടിച്ചുവലിച്ചതിന് VAR പെനാൽറ്റി വിധിക്കാത്തത് ചെൽസിക്ക് തുണയായി. ഈ വിജയത്തോടെ ചെൽസി 28 കളികളിൽ നിന്ന് 59 പോയിന്റുമായി ചെൽസി മൂന്നാമത് നിൽക്കുന്നു. ന്യൂകാസിൽ യുണൈറ്റഡ് 28 കളികളിൽ 31 പോയിന്റുമായി 14ആമത് നിൽക്കുകയാണ്.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾ പരാജയപ്പെടുത്തി ആഴ്സണൽ ടോപ് ഫോറിൽ തിരിച്ചെത്തി.മത്സരം ആരംഭിച്ച് 11ആം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. മാർട്ടിനെല്ലിയുടെ കോർണറിൽ നിന്ന് തോമസ് പാർട്ടി ഹെഡ്ഡറിലൂടെ ലെസ്റ്റർ വല ചലിപ്പിച്ചു.രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ലകാസെറ്റ് ലീഡുയർത്തി.26 മത്സരങ്ങളിൽ നിന്ന് 51 പോയിന്റ് ആണ് ആഴ്സണലിന് ഉള്ളത്. 50 പോയിന്റുമായി അഞ്ചാമത് നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 3 മത്സരങ്ങൾ കുറവാണ് ആഴ്സണൽ കളിച്ചത്.
ഇറ്റാലിയൻ സിരി എ യിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാൻ സമനിലയുമായി രക്ഷപെട്ടു. ടോറിനോക്കെതിരെ അലക്സിസ് സാഞ്ചസിന്റെ സ്റ്റോപ്പേജ്-ടൈം ഗോളാണ് ഇന്ററിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്.മത്സരം തുടങ്ങി 12 ആം മിനുട്ടിൽ ടോറിനോ മുന്നിലെത്തി.ഗോൾ മടക്കാൻ നിരവധി അവസരങ്ങൾ ഇന്റെരിനു ലഭിച്ചെങ്കിലും ഒന്നും മുതലാക്കാനായില്ല. ഇന്റർ മിലാൻ എസി മിലാനേക്കാൾ നാല് പോയിന്റ് പിന്നിലാണ്. എന്നാൽ അവരെക്കാൾ ഒരു മത്സരം കുറവാണു കളിച്ചിട്ടുള്ളത്.ടോറിനോ 11-ാം സ്ഥാനത്താണ്.മറ്റൊരു മത്സരത്തിൽ ഒസിംഹെൻ നേടിയ ഇരട്ട ഗോളിന് നാപോളി ഹെല്ലാസ് വെറോണയെ പരാജയപ്പെടുത്തി, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നാപോളിയുടെ ജയം.ജയത്തോടെ 29 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി രണ്ടാം സ്ഥാനത്തണ് നാപോളി.
ജർമൻ ബുണ്ടസ് ലീഗിൽ 21 ആം മിനുട്ടിൽ മാരിയസ് വുൾഫ് നേടിയ ഏക ഗോളിന് ബൊറൂസിയ ഡോർട്മുണ്ട് അർമിനിയ ബീലെഫെൽഡിനെ പരാജയപ്പെടുത്തി. 60 പോയിന്റുള്ള ബയേൺ മ്യൂണിക്കിന് പിന്നിൽ 53 പോയിന്റുമായി രണ്ടാമതാണ് ഡോർട്മുണ്ട്,ബയേണിനെക്കാൾ ഒരു മത്സരം കുറവാണു കളിച്ചിട്ടുള്ളത്.