ഡെംബലെയെ സ്വന്തമാക്കാൻ മറ്റൊരു തന്ത്രം പുറത്തെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് !
എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെയെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്തു വന്ന വാർത്തയാണ്. നല്ല ഓപ്ഷനുകൾ ലഭിക്കുകയാണെങ്കിൽ താരത്തെ വിട്ടയക്കാനുള്ള പദ്ധതി ബാഴ്സക്ക് ഉണ്ടെങ്കിലും താരം ഇതുവരെ അതിന് വഴങ്ങിയിട്ടില്ല. ഇതുവരെ വന്ന ഓഫറുകളോടെല്ലാം ഡെംബലെ നോ പറയുകയാണ് ചെയ്തത്. താരം ബാഴ്സ വിടാൻ ആഗ്രഹിക്കുന്നില്ല.
എന്നാൽ ലോണിൽ താരത്തെ വിടാൻ പൊതുവെ ബാഴ്സക്ക് താല്പര്യമില്ല. മറിച്ച് സ്ഥിരമായിട്ടാണെങ്കിൽ താരത്തെ കൈമാറാൻ ബാഴ്സ തയ്യാറാണ്. എന്നാൽ ഡെംബലെയാവട്ടെ ബാഴ്സ വിടേണ്ട എന്ന നിലപാടിലാണ്. എന്നാൽ ഡെംബലെയെ ബോധ്യപ്പെടുത്താൻ വേണ്ടി മറ്റൊരു തന്ത്രം പ്രയോഗിച്ചിരിക്കുകയാണിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ്. യുണൈറ്റഡിന്റെ പോൾ പോഗ്ബ വഴിയാണ് ഇപ്പോൾ ക്ലബ് ശ്രമങ്ങൾ നടത്തുന്നത്. ഫ്രഞ്ച് സഹതാരമായ പോഗ്ബ താരത്തെ ഫോണിൽ ബന്ധപ്പെട്ടു കഴിഞ്ഞു.
— Mirror Football (@MirrorFootball) October 2, 2020
മുമ്പും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫറുകളിൽ ഇടപെട്ടിട്ടുള്ള താരമാണ് പോഗ്ബ. റൊമേലു ലുക്കാക്കുവിന്റെ കാര്യത്തിൽ താരം ക്ലബ്ബിനെ സഹായിച്ചിരുന്നു. ഇപ്പോൾ ഡെംബലെയെ ബന്ധപ്പെട്ട പോഗ്ബ യൂണൈറ്റഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ താരത്തോട് സംസാരിച്ചു കഴിഞ്ഞു. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഈ വാർത്തയുടെ ഉറവിടം. നിലവിൽ ബാഴ്സയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ അവസരം യൂണൈറ്റഡിൽ ലഭിക്കുമെന്ന് പോഗ്ബ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫാറ്റി, ട്രിൻക്കാവോ എന്നീ താരങ്ങൾ കാരണം ഡെംബലെ അവസരങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടുകയാണിപ്പോൾ.
കൂടാതെ ഫ്രഞ്ച് താരങ്ങളോടൊപ്പം ഒത്തിണക്കം സാധിക്കുമെന്നും പോഗ്ബ പറഞ്ഞിട്ടുണ്ട്. പോഗ്ബയെ കൂടാതെ ആന്റണി മാർഷ്യൽ യുണൈറ്റഡിൽ ഉണ്ട്. ചുരുക്കത്തിൽ ബാഴ്സയിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ അവസരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലഭിക്കുമെന്നാണ് പോഗ്ബയുടെ വാദം. ഏതായാലും ട്രാൻസ്ഫർ വിൻഡോ അടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഡെംബലെ തന്റെ തീരുമാനം എടുത്തേക്കും.