ലിവർപൂളിനെതിരെ ഹാട്രിക്ക് നേടിയിട്ടും മതിയായില്ല, ഇനിയും ഗോളടിച്ചു കൂട്ടാമായിരുന്നുവെന്ന് ആസ്റ്റൺ വില്ല താരം
നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിനെ ജീവിതത്തിൽ മറക്കാനാവാത്ത തോൽവിയിലേക്കു തള്ളിയിട്ടിട്ടും തൃപ്തനാകാതെ മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കിയ ആസ്റ്റൺ വില്ല താരം ഒല്ലീ വാറ്റ്കിൻസ്. ഇനിയും തനിക്കു ഗോളുകൾ അടിച്ചു കൂട്ടാൻ കഴിയുമായിരുന്നുവെന്നാണ് ബ്രന്റ്ഫോഡിൽ നിന്നും ക്ലബിന്റെ റെക്കോർഡ് തുകക്ക് ആസ്റ്റൺ വില്ല സ്വന്തമാക്കിയ വാറ്റ്കിൻസ് പറയുന്നത്.
”മത്സരത്തിനു മുൻപ് മൂന്നു ഗോളുകൾ നേടാൻ കഴിയുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആദ്യ ഗോളിനു ശേഷം എന്റെ ആത്മവിശ്വാസം വളരെയധികം വർദ്ധിച്ചു.” ലിവർപൂളിനെതിരെ പ്രീമിയർ ലീഗ് ഹാട്രിക്ക് നേടുന്ന പത്താമത്തെ മാത്രം താരമായ വാറ്റ്കിൻസ് സ്കൈ സ്പോർട്സിനോടു പറഞ്ഞു.
⭐️ Man of the match, Ollie Watkins
— Sky Sports Statto (@SkySportsStatto) October 4, 2020
3 goals
5 attempts
4 on target
1 assist
14 sprints
1st player to score a first-half ⚽️⚽️⚽️ v Liverpool in PL since Andy Cole for Newcastle in Nov 1993 pic.twitter.com/I7mSL5p64g
“കൂടുതൽ ഗോളുകൾ നേടാൻ തനിക്ക് അവസരമുണ്ടായിരുന്നു. ഒരു ഗോൾ നേടിയതിൽ ഞാൻ ഓഫ്സൈഡ് ആയിരുന്നോ എന്നറിയില്ല. പക്ഷേ ഗോൾകീപ്പർ മാത്രം മുന്നിലുള്ള അവസരം ഞാൻ മുതലാക്കണമായിരുന്നു. ഇനിയും മെച്ചപ്പെട്ട് കൂടുതൽ ഗോളുകൾ നേടാമെന്നാണു കരുതുന്നത്.” വാറ്റ്കിൻസ് പറഞ്ഞു.
മത്സരത്തിൽ രണ്ടിനെതിരെ ഏഴു ഗോളുകൾക്കു തോറ്റ ലിവർപൂൾ നിലവിൽ അഞ്ചാം സ്ഥാനത്താണ്. അതേ സമയം മറ്റു പല ടീമുകളേക്കാളും ഒരു മത്സരം കുറച്ചു കളിച്ച ആസ്റ്റൺ വില്ല മുഴുവൻ കളികളും ജയിച്ച് രണ്ടാം സ്ഥാനത്താണ്.