റയൽ മാഡ്രിഡ് വിടുന്ന കാര്യത്തിലെ തന്റെ തീരുമാനം അറിയിച്ച് ബാലൺ ഡിയോർ ജേതാവ് മോഡ്രിച്ച് !
2018-ലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡിയോർ പുരസ്കാരം നേടിയത് റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ താരം ലുക്ക മോഡ്രിച്ചായിരുന്നു. 2013-ൽ ആരാധകർ ഏറ്റവും മോശം സൈനിങ് എന്ന് വിലയിരുത്തപ്പെട്ട അതേ താരം തന്നെ അഞ്ച് വർഷങ്ങൾക്കിപ്പുറം വിമർശകരുടെ വായടപ്പിച്ച് ബാലൺ ഡിയോർ നേടുകയായിരുന്നു. പ്രത്യേകിച്ച് മെസ്സിയെയും ക്രിസ്റ്റ്യാനോയെയും മറികടന്ന് പുരസ്കാരം നേടിയത് അതിന്റെ മാറ്റ് വർധിപ്പിച്ചു.
ഇപ്പോഴിതാ താരം റയൽ മാഡ്രിഡിൽ തുടരുന്നതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. തനിക്ക് റയൽ മാഡ്രിഡിൽ തന്നെ കരിയർ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് താരം അറിയിച്ചു കഴിഞ്ഞു. ഇന്നലെ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് മോഡ്രിച് റയലിൽ തന്നെ തുടരണമെന്ന ആഗ്രഹം തുറന്നു പറഞ്ഞത്. മുപ്പത്തിയഞ്ചുവയസ്സുകാരനായ താരം കരാർ പുതുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു.
Real Madrid star Luka Modric wants to end his career with Los Blancos https://t.co/mVW7hEo2N7
— footballespana (@footballespana_) October 6, 2020
” തീർച്ചയായും ഞാൻ റയലിനോടൊപ്പം തുടരാൻ ആഗ്രഹിക്കുന്നു. പക്ഷെ അത് ക്ലബാണ് തീരുമാനിക്കേണ്ടത്. ഇപ്പോഴും ടീമിൽ പ്രധാനപ്പെട്ട റോളിൽ കളിക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. എനിക്കെന്റെ കരിയർ റയലിൽ അവസാനിപ്പിക്കണം. മാഡ്രിഡ് എന്റെ വീടാണ്. എനിക്ക് കരാർ പുതുക്കണം. പക്ഷെ മാനേജറുമായി ഒരു പ്രശ്നം ഉണ്ടാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ഉടനെ ഒരു കരാറിൽ എത്താനാവുമെന്നാണ് ഞാൻ കരുതുന്നത് ” മോഡ്രിച് പറഞ്ഞു.
2013-ലായിരുന്നു മോഡ്രിച് ടോട്ടൻഹാമിൽ നിന്നും റയലിൽ എത്തിയത്. മൂന്നൂറിന് മുകളിൽ മത്സരങ്ങൾ റയലിന് വേണ്ടി കളിച്ചിട്ടുണ്ട്. മാത്രമല്ല നാലു ചാമ്പ്യൻസ് ലീഗും രണ്ട് ലാലിഗയും നേടാൻ റയൽ മാഡ്രിഡിനെ സഹായിക്കുകയും ചെയ്തു.