റയൽ മാഡ്രിഡ് താരത്തിനായി ലിവർപൂൾ നൽകിയ 90 മില്യൺ യൂറോയുടെ ഓഫർ നിരസിക്കപ്പെട്ടു
റയൽ മാഡ്രിഡിൽ നിന്നും ബ്രസീലിയൻ മധ്യനിരതാരം കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത് ഫുട്ബോൾ ആരാധകരെ ഒന്നടങ്കം അമ്പരിപ്പിച്ച ട്രാൻസ്ഫറായിരുന്നു. റയൽ മാഡ്രിഡിനൊപ്പം അഞ്ചു ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ കസമീറോ ക്ലബ് വിടാനുള്ള താൽപര്യം അറിയിച്ചതിനെ തുടർന്നാണ് ലോസ് ബ്ലാങ്കോസ് താരത്തെ വിൽക്കാൻ തയ്യാറായത്. ഏതാണ്ട് എഴുപതു മില്യൺ യൂറോ മുടക്കി കസമീറോയെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
എന്നാൽ പ്രീമിയർ ലീഗിൽ നിന്നും കസമീറോക്കു വേണ്ടി മാത്രമല്ല ഓഫറുകൾ ഉണ്ടായിരുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്പാനിഷ് ജേർണലിസ്റ്റായ തോമസ് ഗോൺസാലസ് മാർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ യുറുഗ്വായ് താരമായ ഫെഡറികോ വാൽവെർദേക്കു വേണ്ടി നിരവധി ഓഫറുകളാണ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വന്നത്. തൊണ്ണൂറു മില്യൺ യൂറോ വരെ താരത്തിനായി പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ ഓഫർ ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഇരുപത്തിനാലു വയസുള്ള താരത്തിനായി വന്ന ഓഫറുകൾ റയൽ മാഡ്രിഡ് യാതൊരു വിധത്തിലും പരിഗണിച്ചില്ല. പരിശീലകൻ കാർലോ ആൻസലോട്ടി തന്റെ പദ്ധതികളിൽ വാൽവെർദെക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി. വിവിധ പൊസിഷനുകളിൽ കളിക്കാനുള്ള താരത്തിന്റെ കഴിവും ടീമിനോടുള്ള അപാരമായ ആത്മാർത്ഥതയും മികച്ച വർക്ക് റേറ്റും താരത്തെ പരിശീലകന്റെയും ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനാക്കി മാറ്റിയിട്ടുണ്ട്. സെൻട്രൽ മിഡ്ഫീൽഡർ, ഡിഫെൻസിവ് മിഡ്ഫീൽഡർ, വിങ്ങർ, വിങ്ബാക്ക് എന്നീ പൊസിഷനുകളിൽ താരം കളിച്ചിട്ടുമുണ്ട്.
2016ൽ പേനറോളിൽ നിന്നുമാണ് ഫെഡറിക്കോ വാൽവെർദെ റയൽ മാഡ്രിഡിൽ എത്തുന്നത്. ആദ്യം യൂത്ത് ടീമിൽ കളിച്ച താരം പിന്നീട് ഡീപോർറ്റീവോ ലാ കോരുണയിൽ ലോണിൽ കളിക്കുകയുണ്ടായി. അതിനു ശേഷം ടീമിലേക്ക് തിരിച്ചു വന്ന വാൽവെർദെ റയൽ മാഡ്രിഡ് ടീമിലെ പ്രധാന താരമായി മാറുകയായിരുന്നു. 151 മത്സരങ്ങൾ റയൽ മാഡ്രിഡിനു വേണ്ടി കളിച്ച താരം രണ്ടു ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗും ഒരു ക്ലബ് ലോകകപ്പും ടീമിനൊപ്പം നേടുകയും ചെയ്തു. കസമീറോ ക്ലബ് വിട്ടതോടെ ഇനി കൂടുതൽ ഉത്തരവാദിത്വം താരത്തിന് ടീമിനൊപ്പമുണ്ടാകും.