കസമീറോക്കു പിന്നാലെ മറ്റൊരു റയൽ മാഡ്രിഡ് താരത്തെക്കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നു
ഫുട്ബാൾ ആരാധകരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയാണ് റയൽ മാഡ്രിഡ് മധ്യനിര താരമായ കസമീറോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. സീസണിലെ ആദ്യ രണ്ടു പ്രീമിയർ ലീഗ് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു പിന്നാലെ കസമീറോക്ക് വേണ്ടി ശ്രമം നടത്തുകയും അതിൽ വിജയം നേടുകയുമായിരുന്നു. ഏതാണ്ട് എഴുപതു മില്യൺ പൗണ്ടാണ് ബ്രസീലിയൻ താരത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിൽ നിന്നും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മുടക്കിയത്.
കസമീറോക്കു പിന്നാലെ മറ്റൊരു റയൽ മാഡ്രിഡ് താരത്തെക്കൂടി സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റയൽ മാഡ്രിഡിന്റെ സ്പാനിഷ് മുന്നേറ്റനിര താരമായ മാർകോ അസെൻസിയോക്കു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കങ്ങൾ ആരംഭിച്ചുവെന്ന് റെലെവോയെ അടിസ്ഥാനമാക്കി ഫുട്ബോൾ എസ്പാനായാണ് റിപ്പോർട്ടു ചെയ്തത്.
റയൽ മാഡ്രിഡുമായി ഒരു വർഷത്തെ കരാർ മാത്രമാണ് മാർകോ അസെൻസിയോക്ക് ബാക്കിയുള്ളത്. കാർലോ ആൻസലോട്ടിയുടെ പദ്ധതികളിൽ ഇടം പിടിക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത താരത്തോട് മറ്റൊരു ക്ലബ്ബിനെ കണ്ടെത്താൻ റയൽ മാഡ്രിഡ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അസെൻസിയോ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അതു പരാജയപ്പെട്ടാൽ താരം റയൽ മാഡ്രിഡിന്റെ കളിക്കാരനായി തുടരുമെന്നും ആൻസലോട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിട്ടു നൽകാനും റയലിന് താൽപര്യമുണ്ടാകില്ല.
The 26-year-old is looking to leave Real and is understood to be available for £25.3million
— Telegraph Football (@TeleFootball) August 25, 2022
✍️ @JBurtTelegraph#TelegraphFootball #mufc
https://t.co/S8E7AlgxNr
ട്രാൻസ്ഫർ ജാലകം ആരംഭിച്ചതു മുതൽ അയാക്സ് താരം ആന്റണിക്കായി നടത്തുന്ന ശ്രമങ്ങൾ വിജയം കാണാത്തതിനെ തുടർന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അസെന്സിയോക്കു വേണ്ടി ശ്രമങ്ങൾ നടത്തുന്നത്. ഇരുപത്തിയഞ്ചു മില്യൺ പൗണ്ടിൽ അധികം താരത്തിനായി നൽകാനും റയൽ മാഡ്രിഡ് ഒരുക്കമാണ്. എന്നാൽ ആന്റണി തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമെന്നിരിക്കെ അതു നടന്നില്ലെങ്കിൽ മാത്രമേ മാർകോ അസെൻസിയോ ട്രാൻസ്ഫർ അവർ പരിഗണിക്കാൻ സാധ്യതയുള്ളൂ.