“അർജന്റീന, അർജന്റീന” എന്നാർത്തു വിളിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ, ലിസാൻഡ്രോ മാർട്ടിനസ് തരംഗമാകുന്നു

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അമ്പത്തിയേഴു മില്യൺ പൗണ്ട് നൽകി ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനത്തിന് അത്ര മികച്ച പ്രതികരണമല്ല ഉണ്ടായിരുന്നത്. കായികശേഷിയും ഏരിയൽ ഡുവൽസിലുള്ള കരുത്തും വളരെയധികം വേണ്ട പ്രീമിയർ ലീഗിൽ അഞ്ചടി ഒൻപതിഞ്ചു മാത്രം ഉയരമുള്ള ലിസാൻഡ്രോ മാർട്ടിനസിനു പിടിച്ചു നിൽക്കാൻ കഴിയുമോയെന്ന സംശയം പലർക്കുമുണ്ടായിരുന്നു. ലിവർപൂൾ ഇതിഹാസമായ ജെമീ കരാഗർ ലിസാൻഡ്രോ മാർട്ടിനസ് പ്രീമിയർ ലീഗിന് ചേരുന്ന കളിക്കാരനല്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്‌തിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലെ നാല് മത്സരങ്ങൾ കളിച്ചപ്പോൾ തന്നെ സംബന്ധിച്ചുണ്ടായിരുന്ന മുൻവിധികളെല്ലാം ഇല്ലാതാക്കുന്ന പ്രകടനമാണ് ഇരുപത്തിനാലു വയസുള്ള അർജന്റീന താരം നടത്തുന്നത്. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയെങ്കിലും ലിസാൻഡ്രോ മാർട്ടിനസിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു ശേഷം അവസാനം കളിച്ച രണ്ടു മത്സരങ്ങളിൽ റാഫേൽ വരാനെക്കൊപ്പം പ്രതിരോധത്തിൽ ഇറങ്ങിയ താരം രണ്ടു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് നേടിയ പ്രകടനം നടത്തുകയും ടീമിന് വിജയം സമ്മാനിക്കുകയും ചെയ്യുകയുണ്ടായി.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ലിസാൻഡ്രോ മാർട്ടിനസിന്റെ പ്രകടനത്തിൽ വളരെയധികം ആവേശഭരിതരാണ്. ഇന്നലെ സൗത്താംപ്റ്റനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ താരത്തിന് നിറഞ്ഞ പിന്തുണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ നൽകിയത്. മത്സരം സൗത്താപ്റ്റണിന്റെ മൈതാനത്ത് ആയിരുന്നിട്ടു കൂടി അവിടെ കളി കാണാനെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഒന്നടങ്കം “അർജന്റീന, അർജന്റീന” എന്നാർത്തു വിളിച്ചാണ് ലിസാൻഡ്രോ മാർട്ടിനസിനു തങ്ങളുടെ പിന്തുണ അറിയിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രീമിയർ ലീഗിന്റെ ശൈലിയുമായി വേഗത്തിൽ ഇണങ്ങിച്ചേർന്ന ലിസാൻഡ്രോ മാർട്ടിനസിനെ കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്.

കഴിഞ്ഞ സീസണിൽ കുത്തഴിഞ്ഞു കിടന്നിരുന്ന പ്രതിരോധമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ തിരിച്ചടി നൽകിയത്. ടീമിന്റെ നായകനായിരുന്നിട്ടു കൂടി പ്രതിരോധത്തിൽ തുടർച്ചയായി പിഴവുകൾ വരുത്തിയിരുന്ന ഹാരി മാഗ്വയറെ ഒഴിവാക്കുകയെന്ന തീരുമാനം കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ എറിക് ടെൻ ഹാഗ് എടുത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തിൽ മാറ്റം വരുത്താൻ സഹായിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിനൊപ്പം നിരവധി ചാമ്പ്യൻസ് ലീഗ് നേടിയ റാഫേൽ വരാനെയും ടീമിനു മൊത്തത്തിൽ ആത്മവിശ്വാസം നൽകാനും ആവേശത്തോടെ പോരാടാനും കഴിവുള്ള ലിസാൻഡ്രോ മാർട്ടിനസും ചേരുന്ന പ്രതിരോധം ഇത്തവണ കൂടുതൽ മികവു കാണിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post