❝ഞാൻ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു , പല ഓഫറുകളും വേണ്ടെന്നു വെച്ചു❞ |Jorge Pereyra Diaz

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച ഒരു നീക്കത്തിലൂടെയാണ് അർജന്റീന സ്‌ട്രൈക്കർ ജോർജ്ജ് പെരേര ഡയസ് മുംബൈ എഫ് സിയിലേക്ക് കൂടു മാറിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ലോണിൽ കളിച്ചുകൊണ്ടിരുന്ന പെരേര ഡയസ് ക്ലബ്ബിലേക്ക് തിരിച്ചു വരും എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു എന്നാൽ പ്രതീക്ഷകൾ തകിടം മറിച്ചു കൊണ്ടാണ് അദ്ദേഹം മുംബൈയിൽ ചേർന്നത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതിൽ ഡയസ് നിർണായക പങ്കു വഹിച്ചിരുന്നു. മുന്നേറ്റത്തിൽ നിൽവിൽ എഫ്സ് ഗോവക്ക് വേണ്ടി കളിക്കുന്ന സ്പാനിഷ് താരം അൽവാരോ വസ്‌ക്വസുമായി മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.കഴിഞ്ഞ വർഷം അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് ഡയസ് ലോണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. കേരള ടീമിനായി ഫോർവേഡ് മികച്ച പ്രകടനം പുറത്തെടുത്തതോടെ ആരാധകരുടെ ഇഷ്ട താരമായി മാറി.

ക്ലബ്ബിന്റെ മാനേജ്മെന്റിനും ഡയസിനെ നിലനിർത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇനിയൊരു ലോൺ നീക്കത്തിന് സാധ്യതയില്ലാത്തതിനാൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകുമെന്നായിരുന്നു ആദ്യ സൂചനകൾ. ചർച്ചകൾ നടന്നു കൊണ്ടിരിക്കുമ്പോൾ വിദേശത്ത് നിന്നുള്ള ഓഫറുകൾ വരെ ഡയസ് നിരസിച്ചിരുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു.ബ്ലാസ്റ്റേഴ്സ് മുന്നോട്ടു വെച്ചതിനേക്കാൾ മികച്ച ഓഫർ ആ ക്ലബ്ബ് നൽകിയതോടെ ഡയസിന്റെ ക്യാമ്പ് അങ്ങോട്ടേക്ക് തിരിഞ്ഞെന്നും വാർത്തകൾ വന്നു.പെരേര ഡയസിനു മുകേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിനായിരുന്നു താല്പര്യം.

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള തന്റെ തിരിച്ചു വരവിനു തടസം നിന്നത് ടീം മാനേജ്‌മെന്റിന്റെ നിലപാടുകളാണെന്നാണ് പെരേര ഡയസ് പറയുന്നത്. ഇന്ത്യൻ ഫുട്ബോൾ ടീം ഫോർ വേൾഡ് കപ്പിനോട് സംസാരിക്കുമ്പോൾ ഇതേക്കുറിച്ച് താരം മനസു തുറന്നു. “ഞാൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുമെന്ന ധാരണയിലായിരുന്നു. എന്നാൽ അവസാനം, ക്ലബ്ബിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. അതെനിക്ക് ഞെട്ടലുണ്ടാക്കിയ കാര്യമായിരുന്നു. അതിനാൽ എനിക്ക് മറ്റുള്ള ഓഫറുകൾ പരിഗണിക്കേണ്ടി വന്നു. മിഡിൽ ഈസ്റ്റിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും ഞാനും എന്റെ കുടുംബവും വീണ്ടും ഒരു പുതിയ രാജ്യത്തും ഒരു പുതിയ ടീമിലും സ്ഥിരതാമസമാക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകാൻ ആഗ്രഹിച്ചില്ല” ഡയസ് പറഞ്ഞു.

“അടുത്ത ദിവസം തന്നെ, എനിക്ക് മുംബൈ സിറ്റിയിൽ നിന്ന് കോൾ ലഭിച്ചു, അത് വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. ലോകമെമ്പാടുമുള്ള വിജയകരമായ ക്ലബ്ബുകളുള്ള സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഭാഗമാവാൻ സാധിച്ചത് സന്തോഷമാണ്. അവരുടെ ഓഫർ തിരഞ്ഞെടുക്കാൻ എനിക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല” ഡയസ് പറഞ്ഞു.“ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ, കഴിഞ്ഞ സീസണിനേക്കാൾ കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അതിലും പ്രധാനമായി, എനിക്ക് ട്രോഫികൾ നേടണം. ഈ സീസണിൽ ഞങ്ങൾ കുറച്ച് മത്സരങ്ങളിൽ കളിക്കുന്നുണ്ടെന്ന് എനിക്കറിയാം, ഡ്യൂറൻഡ് കപ്പിൽ തുടങ്ങി ഞങ്ങൾ പങ്കെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” ഡയസ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്‌ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്.ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നേയായിരുന്നു ഡയസ്.ഗോളുകളുടെ എണ്ണത്തെക്കാൾ വലുതാണ് ഡിയസിന്റെ ടീമിനായുള്ള സംഭാവന. അദ്ദേഹത്തിന്റെ വർക്ക്റേറ്റും ടീമിനോടുള്ള ആത്മാർത്ഥതയും ടീമിന്റെ ഫൈനലിലേക്കുള്ള യാത്രയിൽ നിർണായകമായിരുന്നു. ഡിയസ് കളിക്കാത്ത മത്സരങ്ങളിൽ കേരളം പതറുന്നതും നമ്മൾ കഴിഞ്ഞ സീസണിൽ കണ്ടിരുന്നു. ടീമിനകത്തും പുറത്തും മികച്ച പ്രതിച്ഛായ നിലനിർത്തുന്ന ഇദ്ദേഹം തന്റെ പോസിറ്റിവിറ്റി കൊണ്ടും കളി മികവുകൊണ്ടും ടീമിന് ഗോളടിച്ചു കൂട്ടുക എന്നതിലുപരി മറ്റൊരുപാട് സഹായങ്ങളും ചെയ്തു.

Rate this post