നാലു സൂപ്പർതാരങ്ങളില്ലാതെ യുണൈറ്റഡ് പാരിസിലേക്ക് പറന്നു, പിഎസ്ജിക്കെതിരെ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡ് ക്യാപ്റ്റൻ
പിഎസ്ജിയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പാരിസിലേക്ക് വിമാനം കയറിയിരിക്കുകയാണ്. എന്നാൽ എല്ലാവരും പ്രതീക്ഷിച്ചതുപോലെ സൂപ്പർതാരം എഡിൻസൺ കവാനിക്ക് പിഎസ്ജിക്കെതിരെ അരങ്ങേറാനാവില്ല. കവാനിയെ മഞ്ചെസ്റ്ററിൽ തന്നെ നിർത്തിയാണ് യുണൈറ്റഡ് പാരിസിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
കാവാനിയോട് മാഞ്ചസ്റ്ററിൽ ക്യാരിങ്ടൺ ബേസിൽ കൂടുതൽ പരിശീലനം നടത്താനാണ് ഒലെ ആവശ്യപ്പെട്ടിരിക്കുന്നത്. പിഎസ്ജിക്കെതിരെ കളിക്കാനാവുമെന്ന് തന്നെയായിരുന്നു അവസാനനിമിഷം വരെ റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ പാരിസിലേക്ക് പുറപ്പെടും മുൻപ് ഒലെ തീരുമാനം മാറ്റുകയായിരുന്നു.
Harry Maguire ❌
— Sky Sports (@SkySports) October 19, 2020
Edinson Cavani ❌
Mason Greenwood ❌
Eric Bailly ❌
Jesse Lingard ❌
The quintet have been left in Manchester for the #UCL tie against French champions PSG…
ന്യൂകാസിലുമായി നടന്ന അവസാന മത്സരത്തിൽ ഗോൾ നേടി നാലു ഗോൾ വിജയത്തിനു മുതൽക്കൂട്ടാവാൻ ഹാരി മഗ്വയറിനു സാധിച്ചിരുന്നു. എന്നാൽ കവാനിക്കൊപ്പം ക്യാപ്റ്റൻ ഹാരി മഗ്വയറിനെയും മേസൺ ഗ്രീൻവുഡിനെയും എറിക് ബെയ്ലിയേയും മാഞ്ചസ്റ്ററിൽ തന്നെ ഉപേക്ഷിച്ചാണ് പിഎസ്ജിക്കെതിരെ പോരാടാൻ ഒലെയും സംഘവും യാത്ര തിരിച്ചിരിക്കുന്നത്. മഗ്വയറിനു പകരം പുത്തൻ താരോദയം ബ്രൂണോ ഫെർണാണ്ടസ് ആണ് ഇത്തവണ യുണൈറ്റഡിനെ നയിക്കുന്നത്.
ചാമ്പ്യൻസ്ലീഗിൽ അരങ്ങേറ്റം നടത്താൻ സാധിക്കില്ലെങ്കിലും പ്രീമിയർ ലീഗിലെ അടുത്ത എതിരാളികളായ ചെൽസിക്കെതിരെ ഓൾഡ് ട്രാഫോഡിൽ കളിക്കാനാവുമെന്നാണ് കവാനി പ്രതീക്ഷിക്കുന്നത്. യുണൈറ്റഡിനെതിരെ രണ്ടു വർഷം മുൻപ് തങ്ങളെ ക്വാർട്ടർ ഫൈനലിൽ അപ്രതീക്ഷിതമായി പുറത്താക്കിയതിന്റെ പ്രതികാരം ഇത്തവണ തീർക്കാൻ തന്നെയാണ് പിഎസ്ജിയുടെയും ലക്ഷ്യം. കവാനിയുണ്ടെങ്കിലും ഈ മത്സരത്തിൽ യുണൈറ്റഡിനെ തകർത്തു വിടുമെന്ന് കിലിയൻ എംബാപ്പെയും അടുത്തിടെ പ്രസ്താവനയിറക്കിയിരുന്നു.