“തോൽപ്പിക്കാൻ ബുദ്ധിമുട്ടില്ലാത്ത ടീമായി ചെൽസി മാറി”- സൗതാംപ്ടനെതിരായ മത്സരത്തിനു ശേഷം തോമസ് ടുഷെൽ
സൗത്താംപ്റ്റനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസി തോൽവി വഴങ്ങിയതിൽ പ്രതികരിച്ച് പരിശീലകൻ തോമസ് ടുഷെൽ. മത്സരത്തിൽ സ്ഥിരത നിലനിർത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും വളരെയധികം ബുദ്ധിമുട്ടിയ ചെൽസി തോൽപ്പിക്കാൻ വലിയ ബുദ്ധിമുട്ടില്ലാത്ത ടീമായി മാറിയെന്നാണ് ടുഷെൽ മത്സരത്തിനു ശേഷം പറഞ്ഞത്. ഒരു ഗോളിനു ലീഡ് നേടിയതിനു ശേഷമായിരുന്നു രണ്ടു ഗോളുകൾ വഴങ്ങി ചെൽസി തോൽവിയേറ്റു വാങ്ങിയത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ചെൽസിയിലെത്തിയ റഹീം സ്റ്റെർലിംഗാണ് മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനുട്ടിൽ ചെൽസിയെ മുന്നിലെത്തിച്ചത്. എന്നാൽ അതിനു ശേഷം താളം കണ്ടെടുക്കാൻ ബുദ്ധിമുട്ടിയ ചെൽസിക്കെതിരെ ആദ്യ പകുതിയിൽ തന്നെ സൗത്താംപ്റ്റൻ മുന്നിലെത്തി. ഇരുപത്തിയെട്ടാം മിനുട്ടിൽ റോമിയോ ലാവിയയും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ആദം ആംസ്ട്രോങുമാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ചെൽസി തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതിനെ സമർത്ഥമായി സൗത്താംപ്ടൺ പ്രതിരോധിച്ച് മൂന്നു പോയിന്റും സ്വന്തമാക്കി.
Southampton come from behind to beat Chelsea 🔥 pic.twitter.com/k3WDvAWekU
— Sky Sports Premier League (@SkySportsPL) August 30, 2022
“ഞങ്ങൾ എല്ലാ മത്സരങ്ങളിലും മികച്ച രീതിയിൽ തുടങ്ങുമെങ്കിലും അതിനു ശേഷം ശ്രദ്ധ നഷ്ടമായും സ്ഥിരത കണ്ടെത്താനാകാതെയും ബുദ്ധിമുട്ടുകയാണ്. ഞങ്ങൾ ഉത്തരങ്ങൾ കണ്ടെത്താൻ വളരെ പ്രയാസപ്പെടും കാര്യങ്ങൾ ഞങ്ങളുടെ വഴിക്കല്ലെങ്കിൽ പുറകോട്ടു പോവുകയുമാണ്. സമനിലഗോൾ അവർ നേടിയതിനു ശേഷം ഞങ്ങൾ പതറുകയും കാര്യങ്ങൾ ഞങ്ങളുടെ വഴിക്കല്ലാതെ മാറുകയും ചെയ്തു.” മത്സരത്തിനു ശേഷം ബിടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ടുഷെൽ പറഞ്ഞു.
🗣️ "We are not tough enough."
— Sky Sports (@SkySports) August 30, 2022
Chelsea boss Thomas Tuchel reacts to their 2-1 defeat against Southampton tonight 💬pic.twitter.com/hf5mRjVnWQ
“ആശങ്കയാണോ യഥാർത്ഥ വാക്കെന്ന് എനിക്കറിയില്ല. എനിക്ക് തോൽവി നേരിടാൻ ഇഷ്ടമല്ല. ഇതേ സീസണിൽ രണ്ടാമത്തെ തവണയാണ്, അതിനു പുറമെ ഞങ്ങളെ തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടൊന്നുമില്ല. അതാണെനിക്ക് കൂടുതൽ ഇഷ്ടപ്പെടാത്ത കാര്യം. ഞങ്ങൾക്ക് മത്സരങ്ങൾ വിജയിക്കണം, അതിനുള്ള വഴികളാണ് ഏറ്റവും പെട്ടന്ന് മനസിലാക്കേണ്ടത്. എന്തുകൊണ്ടാണ് ഈ സാഹചര്യമെന്ന് മനസിലാകുന്നില്ല. ആദ്യ ഇരുപതു മിനുട്ടിൽ നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.” ടുഷെൽ പറഞ്ഞു.
ഈ സീസണിൽ അഞ്ചു മത്സരങ്ങൾ പ്രീമിയർ ലീഗിൽ പൂർത്തിയായപ്പോൾ രണ്ടു മത്സരങ്ങൾ മാത്രമേ ചെൽസിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. രണ്ടെണ്ണത്തിൽ തോൽവി വഴങ്ങിയപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. ടീമിലെ താരങ്ങളിൽ പലരും ക്ലബ് വിട്ടതും അവർക്ക് ചേരുന്ന പകരക്കാരെ കണ്ടെത്താൻ കഴിയാതിരുന്നതുമെല്ലാം ചെൽസിയെ ബാധിച്ചുവെന്നാണ് ടീമിന്റെ മോശം ഫോമിൽ നിന്നും മനസിലാകുന്നത്.