വിവാദങ്ങളിൽ പോഗ്ബ വിശദീകരണം നൽകണമെന്ന് എംബാപ്പെ, ലോകകപ്പ് അടുത്തിരിക്കെ ഫ്രഞ്ച് ടീമിലെ താരങ്ങൾ അകലുന്നു
പോൾ പോഗ്ബയും സഹോദരൻ മാത്തിയാസ് പോഗ്ബയും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ തന്റെ പേരു കൂടി വന്നതോടെ സംഭവത്തിൽ വിശദീകരണം വേണമെന്ന് കിലിയൻ എംബാപ്പെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. എംബാപ്പയുടെ ഫോം നഷ്ടപ്പെടാൻ വേണ്ടി പോൾ പോഗ്ബ ആഫ്രിക്കയിലെ ഒരു മന്ത്രവാദിയെ സമീപിച്ചുവെന്നും വമ്പൻ തുക ചിലവാക്കി ആഭിചാരക്രിയകൾ നടത്തിയെന്നും മാത്തിയാസ് പോഗ്ബ അടുത്തിടെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് എംബാപ്പെ വിശദീകരണം ആവശ്യപ്പെട്ടതെന്ന് ആർഎംസി സ്പോർട്ട് വെളിപ്പെടുത്തുന്നു.
തന്നെ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാൻ ഒരു സംഘം ആളുകൾ ശ്രമം നടത്തിയെന്നും അതിൽ തന്റെ സഹോദരൻ മാത്തിയാസ് പോഗ്ബക്ക് പങ്കുണ്ടെന്നും യുവന്റസ് താരം ദിവസങ്ങൾക്കു മുൻപ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് പോഗ്ബയെക്കുറിച്ച് നിരവധി കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും എംബാപ്പയുടെ ഫോം നഷ്ടമാകാൻ ആഫ്രിക്കയിലെ ഒരു മന്ത്രവാദിയെ താരം സമീപിച്ചുവെന്നും സഹോദരൻ മാത്തിയാസ് പോഗ്ബ ആരോപണങ്ങൾ ഉന്നയിച്ചത്.
മാത്തിയാസിന്റെ ആരോപണങ്ങൾ പോഗ്ബ നിഷേധിച്ചെങ്കിലും ഫ്രഞ്ച് ദേശീയ ടീമിലെ സൂപ്പർതാരമായ കിലിയൻ എംബാപ്പെ അതു നിസാരമായി തള്ളിക്കളയാൻ തയ്യാറായിട്ടില്ല. പിഎസ്ജി താരം കാര്യങ്ങളുടെ നിജസ്ഥിതി അറിയുന്നതിനു വേണ്ടി പോൾ പോഗ്ബയെയും അദ്ദേഹത്തിന്റെ സഹോദരൻ മാത്തിയാസ് പോഗ്ബയെയും വിളിക്കുകയും സംസാരിക്കുകയും ചെയ്തുവെന്ന് ഫ്രഞ്ച് മാധ്യമം പറയുന്നു. എന്നാൽ ഈ താരങ്ങൾ തമ്മിൽ സംസാരിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
Breaking | Kylian Mbappé (23) has contacted Paul and Mathias Pogba in order to understand why he is involved in witch doctor accusations. (RMC)https://t.co/U3vpf1euin
— Get French Football News (@GFFN) September 1, 2022
വിവിധ റിപ്പോർട്ടുകൾ പ്രകാരം പ്രസ്തുത സംഭവത്തിൽ കൃത്യമായ ഒരു ധാരണ വന്നിട്ടില്ലെങ്കിൽ അതു ഫ്രാൻസ് ദേശീയ ടീമിലെ പോഗ്ബയുടെ സ്ഥാനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ ലോകകപ്പിനുള്ള ഫ്രഞ്ച് ദേശീയ ടീമിൽ ചേരിതിരിവിന് ഇതു കാരണമായേക്കും. കഴിഞ്ഞ ലോകകിരീടം ഫ്രാൻസിന് നേടിക്കൊടുക്കാൻ നിർണായകമായ പങ്കു വഹിച്ച രണ്ടു താരങ്ങളാണ് പോഗ്ബയും എംബാപ്പയും എന്നിരിക്കെ പരിശീലകൻ ദിദിയർ ദെഷാംപ്സിന് വലിയ തലവേദന ഈ വിഷയം സമ്മാനിച്ചിട്ടുണ്ട്.