കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്കായ അഡ്രിയാൻ ലൂണ രണ്ടാം സീസണിനായി കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുമ്പോൾ |Adrian Luna |Kerala Blasters

എട്ടു വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഫുട്ബോളിൽ പുതിയ വിപ്ലവങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് ഐഎസ്എൽ ആരംഭിക്കുന്നത് . ഈ കാലയളവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പിറവിയോടെ കേരളത്തിന്റെ നഷ്ടപെട്ട പഴയകാല ഫുട്ബോൾ പ്രതാപം മടങ്ങിയെത്തിയതും പെട്ടന്നായിരുന്നു.

സ്വദേശ വിദേശതാരങ്ങളെല്ലാം വളരെപ്പെട്ടന്നു തന്നെ അസൂയാവഹമാം വിധം ആരാധക പിന്തുണ തേടി. പല വമ്പൻ താരങ്ങളും ഈ ആരാധകപിന്തുണ ഒന്നുകൊണ്ടു മാത്രം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കൊതിച്ചു. എന്നാൽ എട്ട് സീസണുകളിലായി മൂന്ന് ഫൈനലുകളിൽ എത്തിയെങ്കിലും രണ്ട് തവണ പെനാൽറ്റിയിലൂടെയും ഒരു തവണ ലേറ്റ് ഗോളിലൂടെയും തോൽവി വഴങ്ങേണ്ടിവന്ന കൊമ്പന്മാരുടെ ഇതുവരെയുള്ള ഹീറോ ഐഎസ്എൽ യാത്ര ഉയർച്ചതാഴ്ചകൾ നിറഞ്ഞതായിരുന്നു. ഇക്കാലയളവിൽ നിരവധി വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിലെത്തിയെങ്കിലും കഴിഞ്ഞ സീസണിൽ ടീമിലെത്തിയ ഉറുഗ്വേൻ പ്ലേ മേക്കർ അഡ്രിയാൻ ലൂണയെയാണ് പലരും ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച വിദേശ താരമായി കണക്കാക്കുന്നത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള കുതിപ്പിൽ ലൂണ വഹിച്ച പങ്കിനെ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുകയില്ല. ടീമിന് വേണ്ടി 100 % നൽകുന്ന താരം കഴിഞ്ഞ സീസണിൽ നേടാൻ സാധിക്കാത്തത് ഇത്തവണ തിരിച്ചു പിടിക്കണം എന്ന വാശിയിലാണുളളത്.ഉറുഗ്വേൻ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ 2024 വരെ ക്ലബ്ബിൽ തുടരാനുള്ള പുതിയ കരാറിൽ ഒപ്പിടുകയും ചെയ്തു. എന്നാൽ മിഡ്ഫീൽഡർ ഇതുവരെയും ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേർന്നിട്ടില്ല.മറ്റ് ടീമുകളൊക്കെ വിദേശ താരങ്ങളുമായി പരിശീലനം തുടങ്ങിയിട്ടും ലൂണ വരാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ലൂണ ടീം വിടുമോയെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് സത്യം.കുടുംബ ജീവിതത്തിലെ ചില പ്രശ്‌നങ്ങളാണ് ലൂണയുടെ മടങ്ങി വരവിന് താമസം വരുത്തുന്നത്. അടുത്തിടെയാണ് ലൂണയുടെ കുട്ടി അപൂര്‍വ രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ നിന്ന് താരം മുക്തനായി വരുന്നതേയുള്ളൂ. മാത്രമല്ല, മറ്റു ചില കുടുംബ പ്രശ്‌നങ്ങളും അദേഹത്തെ അലട്ടുന്നുണ്ട്. പ്രശ്‌നങ്ങളില്‍ നിന്ന് മാറി കൂടുതല്‍ കരുത്തോടെ തിരിച്ചു വരാനാണ് ലൂണ ശ്രമിക്കുന്നത്.അരങ്ങേറ്റ സീസണില്‍ ഏഴ് ഗോള്‍ നേടുകയും ഏഴ് ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്താണ് അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ആരാധകരുടെ ഹൃദയം കവര്‍ന്നത്.

കഴിഞ്ഞ സീസണിൽ ക്ലബ് വൈസ് ക്യാപ്റ്റനായാണ് ലൂണ സീസൺ ആരംഭിച്ചത് , പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസൽ കാർനെയ്‌റോ രിക്കിനെത്തുടർന്ന് പുറത്തായപ്പോൾ ക്യാപ്റ്റനായി മാറ്റി.എല്ലായ്‌പ്പോഴും ഊർജ്വസലതയോടെ കളംനിറഞ്ഞ്‌ ഓടുന്ന ലൂണ ടാക്ലിങ്ങിലും പന്ത്‌ തിരിച്ചെടുക്കുന്നതിലും ഉന്നത നിലവാരം പുലർത്തി.ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നൽകുന്ന അദ്ദേഹം ഹീറോ ഐഎസ്‌എൽ ഓഫ്‌ ദി ഇയർ ടീമിലും ഇടംനേടി.ഇവാൻ വുകോമാനോവിച്ചിന്റെ ടീമിന്റെ ആത്മാവ് തന്നെയാണ് ലൂണ.എതിർപ്പിനെ അടിച്ചമർത്താനും പ്രതിരോധത്തെ സഹായിക്കാനും മടിയില്ലാത്ത തളരാത്ത പോരാളിയാണ് ലൂണ.പന്ത് കാൽക്കീഴിലാക്കി എപ്പോഴും തന്റെ മുന്നിൽ ഒരു കളിക്കാരനെ കണ്ടെത്താൻ ലൂണ ശ്രമിക്കുന്നു.പിച്ചിലെ ഏറ്റവും മികച്ച ടെക്നീഷ്യൻ, ഏറ്റവും കഠിനാധ്വാനി എല്ലാം ബ്ലാസ്റ്റേഴ്സിന് ലൂണയായിരുന്നു.

ലൂണയെ പിന്തുടരുക എന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിറവേറ്റിയത്. മത്സരത്തിന്റെ അവസാനമാകുമ്പോൾ ലൂണയുടെ ജേഴ്‌സി നനഞ്ഞൊഴുകുന്നത് കാണാൻ സാധിക്കും. വിജയത്തെയും പരാജയത്തെയും എല്ലാം ഒരു പുഞ്ചിരികൊണ്ട് നേരിടുന്ന താരമാണ് 29 കാരൻ.വുകോമാനോവിച്ചിന്റെ തത്ത്വചിന്തയുടെ തികഞ്ഞ പ്രതിനിധിയാണ് ലൂണ ,അശ്രാന്തമായി പരിശ്രമിക്കുക സ്വയം പ്രകടിപ്പിക്കുക, അതിൽ റിസ്ക് എടുക്കുക എന്നതാണ് ലൂണയുടെ കളി ശൈലി .സ്‌കോർ ചെയ്യാനും അസിസ്റ്റ് ചെയ്യാനുള്ള ലൂണയുടെ കഴിവിനൊപ്പം, ടീമിന് പന്ത് ഇല്ലാത്തപ്പോൾ പ്രസ് ചെയ്ത് പ്രതിരോധിക്കാനുള്ള സന്നദ്ധതയും താരത്തിനെ ഏതൊരു ടീമിനും വിലപ്പെട്ട സമ്പത്താക്കി മാറ്റുന്നു.

ജീവൻ പോയാലും ഒരു ഗോൾ അവസരത്തിനു വേണ്ടി എപ്പോഴും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിക്കുന്ന അദ്ദേഹം മുന്നിൽനിൽക്കുന്ന സ്ട്രൈക്കർക്ക് ഏതുവിധേനയും പന്ത് എത്തിച്ചു കൊടുക്കുവാൻ സദാ സന്നദ്ധനാണ്.പ്രധാന സ്ട്രൈക്കറിന് പിന്നിലായി ക്രിയേറ്റീവ് റോളാണ് ലൂണയ്ക്ക്. പക്ഷെ ലൂണ എന്തും ചെയ്യും. ​ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം എതിർമുന്നേറ്റം തടയാനും ലൂണ തയ്യാറാണ്. പന്ത് റിക്കവർ ചെയ്യാനായി പലതവണ ലൂണ പിന്നിലേക്കിറങ്ങിവന്നു. എതിരാളികളെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിന്റെ സഹതാരങ്ങളെ സഹായിക്കാൻ ലൂണ ഒടിയെത്തി.

Rate this post