മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിളങ്ങാൻ കഴിയാതെ കസമീറോ, പരിശീലകന്റെ പിന്തുണ മക്ടോമിനായ്ക്ക്
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏവരെയും ഞെട്ടിച്ച ട്രാൻസ്ഫർ നടത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അഞ്ചു ചാമ്പ്യൻസ് ലീഗടക്കം നിരവധി കിരീടങ്ങൾ നേടിയ, റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ കസമീറോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ ഭാഗമാക്കിയത് ഏവർക്കും ആശ്ചര്യമായിരുന്നു. കസമീറോ അടക്കമുള്ള താരങ്ങളുടെ വരവ് ആത്മവിശ്വാസം നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു ശേഷം എല്ലാ മത്സരത്തിലും വിജയം നേടുകയും ചെയ്തു.
എന്നാൽ കൊട്ടിഘോഷിക്കപ്പെട്ട ട്രാൻസ്ഫർ ആയിരുന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതുവരെയും താളം കണ്ടെത്താൻ കസമീറോക്ക് കഴിഞ്ഞിട്ടില്ല. ലിസാൻഡ്രോ മാർട്ടിനസ്, മലാസിയ, എറിക്സൺ, ആന്റണി തുടങ്ങി ഈ സമ്മറിൽ ടീമിലെത്തിയ ബാക്കി താരങ്ങളെല്ലാം അവരുടെ മികവ് കളിക്കളത്തിൽ കൃത്യമായി പ്രകടിപ്പിക്കുമ്പോൾ യൂറോപ്പിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറെന്ന ഖ്യാതിയുള്ള കസമീറോക്ക് തന്റെ പ്രതിഭക്കനുസരിച്ചുള്ള പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ നടത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ആദ്യ ഇലവനിൽ താരം സ്ഥിരസാന്നിധ്യവുമല്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം മൂന്നു മത്സരങ്ങളിൽ കളത്തിലിറങ്ങിയ കസമീറോ അതിൽ രണ്ടു മത്സരങ്ങളിലും പത്തു മിനുട്ട് വീതം മാത്രമേ കളിച്ചുള്ളൂ. ലൈസ്റ്റർ സിറ്റിക്കെതിരെ അറുപതാം മിനുട്ടിൽ ഇറങ്ങിയ താരം ആ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ഇന്നലെ ആഴ്സണലിനെതിരെ നടന്ന മത്സരത്തിൽ എൺപതാം മിനുട്ടിൽ ഇറങ്ങിയ കസമീറോ ഗോളിലേക്ക് വഴി വെക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു പിഴവ് വരുത്തുകയും ചെയ്തു. ഹാരി മാഗ്വയർ ആഴ്സണൽ താരത്തെ ഫൗൾ ചെയ്തു വീഴ്ത്തിയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ വഴങ്ങാതിരിക്കാൻ സഹായിച്ചത്.
Scott McTominay has the backing of Erik ten Haghttps://t.co/5CIFGhscaA
— Mirror Football (@MirrorFootball) September 5, 2022
കസമീറോക്ക് ആദ്യ ഇലവനിൽ എപ്പോൾ ഇടം ലഭിക്കുമെന്ന കാര്യത്തിൽ പരിശീലകൻ എറിക് ടെൻ ഹാഗിനും വ്യക്തതയില്ല. ആഴ്സണലിനെതിരെ നടന്ന മത്സരത്തിനു ശേഷം പുതിയ ടീമുമായും ലീഗുമായും താരം ഇണങ്ങിച്ചേരേണ്ടത് അനിവാര്യമായ കാര്യമാണെന്നാണ് എറിക് ടെൻ ഹാഗ് പറഞ്ഞത്. തന്റെ കേളീശൈലി താരം കൂടുതൽ മനസിലാക്കാനുണ്ടെന്നു കൂടി പറഞ്ഞ ഡച്ച് പരിശീലകൻ സ്കോട്ട് മക്ടോമിനായ് മികച്ച പ്രകടനം നടത്തുന്നുണ്ടെന്നു കൂടി പറഞ്ഞത് കസമീറോക്ക് ആദ്യ ഇലവനിൽ ഉടനെ തിരിച്ചു വരാൻ കഴിയുന്നുണ്ടാവില്ലെന്നു വ്യക്തമാക്കുന്നു.
കസമീറോ ഇതുവരെ ടീമിനായി നടത്തിയ പ്രകടനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും തൃപ്തരല്ലെന്ന് സോഷ്യൽ മീഡിയയിൽ അവരുടെ പ്രതികരണം വ്യക്തമാക്കുന്നു. അതേസമയം അവസരങ്ങൾ കുറയുന്നത് ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിലെ സ്ഥാനത്തെ ബാധിക്കുമോയെന്ന സംശയം പലർക്കുമുണ്ട്. എന്നാൽ തന്റെ പ്രശ്നങ്ങൾ പരിഹരിച്ച് കസമീറോ തിരിച്ചു വരുമെന്നാണ് ഏവരും ഉറച്ചു വിശ്വസിക്കുന്നത്.