“ടീമിൽ നിന്നും ഒഴിവാക്കാനാവാത്ത താരം”- ലിസാൻഡ്രോ മാർട്ടിനസിനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ ലിസാൻഡ്രോ മാർട്ടിനസിന്റെ പ്രകടനത്തെ പ്രശംസിച്ച് ടീമിന്റെ ഇതിഹാസതാരമായ പോൾ സ്കോൾസ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്നും മാറ്റി നിർത്താൻ കഴിയാത്ത താരമാണ് ലിസാൻഡ്രോ മാർട്ടിനസെന്നാണ് സ്കോൾസ് പറയുന്നത്. ആഴ്സണലിനെതിരെ നടന്ന മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പരിക്കേറ്റു പുറത്തു പോയ താരം വളരെ പെട്ടന്നു തന്നെ ഫിറ്റ്നസ് വീണ്ടെടുത്തു തിരിച്ചെത്തുമെന്ന പ്രതീക്ഷയും പോൾ സ്കോൾസ് പ്രകടിപ്പിച്ചു.
ലിസാൻഡ്രോ മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ സമയത്ത് താരത്തിനു പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയില്ലെന്ന് പലരും അഭിപ്രായം ഉന്നയിച്ചിരുന്നു. എന്നാൽ മികച്ച പ്രകടനം നടത്തി അതിനെയെല്ലാം ഇല്ലാതാക്കിയ താരം ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രിയപ്പെട്ടവനാണ്. പ്രീമിയർ ലീഗിനു വേണ്ട ഉയരമില്ലെന്നു പറഞ്ഞ വിമർശകർക്ക് ഇറങ്ങിയ മത്സരങ്ങളിലെല്ലാം തന്റെ വർക്ക് റേറ്റും ആത്മാർത്ഥതയും കൊണ്ടാണ് ലിസാൻഡ്രോ മാർട്ടിനസ് മറുപടി നൽകിയത്.
“മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇച്ഛാശക്തിയാണ് മറ്റെന്തിനേക്കാളും പ്രധാനപ്പെട്ട കാര്യം. കഴിവും വേണ്ടതു തന്നെയാണ്, എന്നാലതിനു പുറമെ ആളുകളിലേക്ക് എത്തുക, ആളുകളെ തടുക്കുക, വീണ്ടും ആളുകളിലേക്ക് എത്തുക, പ്രതിരോധത്തിൽ ഉറച്ചു നിൽക്കുക എന്നതാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കരുത്തുറ്റ ബാക്ക് ഫോർ അവരെ സഹായിക്കുന്നുണ്ട്. മാർട്ടിനസ് പരിക്കേറ്റു പുറത്തു വന്നത് മുന്നോട്ടു പോകുന്നതിൽ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.” ലിസാൻഡ്രോ മാർട്ടിനസിനെ കുറിച്ച് മാധ്യമങ്ങളോട് പോൾ സ്കോൾസ് പറഞ്ഞു.
Paul Scholes believes that Lisandro Martinez is already indispensable to the Red Devils despite being just six matches into his Old Trafford career #MUFC https://t.co/DsdJrYSW49
— Irish Mirror Sport (@MirrorSportIE) September 5, 2022
ഗ്രോയിൻ ഇഞ്ചുറി മൂലമാണ് ലിസാൻഡ്രോ മാർട്ടിനസ് മത്സരത്തിൽ പുറത്തു പോയത്. താരത്തിന് പകരക്കാരനായി വന്ന മുൻ നായകൻ ഹാരി മഗ്വയർക്ക് ആദ്യ മിനുട്ടിൽ തന്നെ മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തിരുന്നു. കസമീറോ വരുത്തിയ പിഴവിൽ നിന്നുള്ള പ്രത്യാക്രമണം തടയുന്നതിനിടെയാണ് താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചത്. എങ്കിലും മത്സരത്തിലെ ലീഡ് നിലനിർത്താൻ കഴിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് ടേബിൾ ടോപ്പേഴ്സിനെതിരെ വിജയം സ്വന്തമാക്കി. അതേസമയം ലിസാൻഡ്രോ മാർട്ടിനസിന്റെ പരിക്കിനെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ല.