“ബാലൺ ഡി ഓർ ഉറപ്പാണ്”- പിഎസ്ജി താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് ആരാധകർ
ഇന്നലെ ഫ്രഞ്ച് ലീഗിൽ ബ്രെസ്റ്റിനെതിരെ നടന്ന മത്സരത്തിൽ പിഎസ്ജിയുടെ വിജയശിൽപ്പികളായത് നെയ്മറും ലയണൽ മെസിയുമായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി മത്സരത്തിൽ വിജയം നേടിയത്. ഒരിക്കൽക്കൂടി മെസിയും നെയ്മറും തമ്മിലുള്ള ഒത്തിണക്കം മൈതാനത്തു കണ്ടപ്പോൾ അർജന്റീനിയൻ നായകൻ നൽകിയ അസിസ്റ്റിൽ നിന്നും ബ്രസീലിയൻ താരമാണ് പിഎസ്ജിയുടെ വിജയഗോൾ കണ്ടെത്തിയത്. ഇതോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ് പിഎസ്ജി.
മത്സരത്തിൽ വീണ്ടും ഗോൾ കണ്ടെത്തിയതോടെ ആരാധകരുടെ പ്രശംസ വ്യാപകമായി ഏറ്റു വാങ്ങുകയാണ് നെയ്മർ. ഈ സീസണിൽ ഫ്രഞ്ച് സൂപ്പർ കപ്പടക്കം ഒൻപതു മത്സരങ്ങൾ കളിച്ച താരത്തിന്റെ പത്താമത്തെ ഗോളായിരുന്നു ഇന്നലെ പിറന്നത്. ഇതിനു പുറമെ ഏഴ് അസിസ്റ്റുകളും ബ്രസീലിയൻ താരം ഈ സീസണിൽ കണ്ടെത്തിയിട്ടുണ്ട്. പിഎസ്ജിയിൽ എത്തിയതിനു ശേഷം തന്റെ പ്രതിഭയെ ന്യായീകരിക്കുന്ന പ്രകടനം നടത്താൻ കഴിയാതിരുന്ന നെയ്മർ ഈ സീസണിൽ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.
Christophe Galtier ball cooking! NEYMAR JNR getting the Ballon dor next year#UCL#PSGJUV pic.twitter.com/QsFDtsXevb
— The Muser🇳🇱 (@SihleeUndifened) September 6, 2022
ഈ സീസണിലെ നെയ്മറുടെ പ്രകടനം താരത്തിന് ബാലൺ ഡി ഓർ നേട്ടം സമ്മാനിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. പിഎസ്ജി ഈ സീസണിൽ പ്രധാന കിരീടങ്ങൾ നേടുകയും വരാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ ബ്രസീൽ ടീം മികച്ച പ്രകടനം നടത്തുകയും ചെയ്താൽ അടുത്ത ബാലൺ ഡി ഓർ പുരസ്കാരം നെയ്മർക്കു തന്നെയാകുമെന്നാണ് ആരാധകർ പറയുന്നത്. ആ നേട്ടം സ്വന്തമാക്കാൻ ലയണൽ മെസി നെയ്മറെ സഹായിക്കുമെന്നും അവർ ട്വീറ്റുകളിൽ കുറിക്കുന്നു.
I am pretty much convinced that Neymar will win the ballon dor if he holds his form rn and wins the World Cup being the main man behind their victory
— 𝐶 ⚡️ (@losblancosn) September 10, 2022
He deserves atleast one.
ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കു ശേഷം ഫുട്ബോൾ ലോകം ഭരിക്കാൻ പോന്ന താരമെന്നാണ് നെയ്മർ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പ്രതിഭ കൊണ്ട് അനുഗ്രഹീതനാണെങ്കിലും തുടർച്ചയായ പരിക്കുകളും കളിക്കളത്തിലും പുറത്തും ഉണ്ടാക്കിയ അനാവശ്യമായ വിവാദങ്ങളും നെയ്മറുടെ മാറ്റു കുറച്ചു. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ വിൽക്കാൻ പിഎസ്ജിക്ക് പദ്ധതിയുണ്ടായിരുന്നു എന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ അതിനെ മറികടന്ന് അതിശക്തമായ തിരിച്ചു വരവാണ് ബ്രസീലിയൻ താരം ഈ സീസണിൽ നടത്തുന്നത്.
Neymar getting a Ballon’dor before he retires pic.twitter.com/wlsBlJhhDx
— Laughs hidden (@darryltaps) September 10, 2022
നെയ്മറുടെ പ്രകടനത്തിനൊപ്പം ലയണൽ മെസി ഫോം കണ്ടെത്തിയതും പിഎസ്ജി ആരാധകർക്ക് ആശ്വാസമാണ്. സീസണിലിതു വരെ നാല് ഗോളുകൾ നേടിയ മെസി അതിനു പുറമെ ഏഴു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. മെസി, നെയ്മർ എന്നിവർക്കൊപ്പം മുന്നേറ്റനിരയിൽ കളിക്കുന്ന കിലിയൻ എംബാപ്പെ ഒൻപതു ഗോളുകൾ നേടി സീസണിൽ മികച്ച പ്രകടനം നടത്തുന്നത് പിഎസ്ജിക്ക് യൂറോപ്യൻ കിരീടമെന്ന പ്രതീക്ഷ നൽകുന്നു.