പല്ലും നഖവുമുപയോഗിച്ച് വേൾഡ് ഫുട്ബോളിനെ കാൽചുവട്ടിലാക്കിയവർ : മെസ്സിയെയു ക്രിസ്റ്റ്യാനോയെയും വാഴ്ത്തി എംബപ്പേ
വേൾഡ് ഫുട്ബോളിനെ സംബന്ധിച്ചടത്തോളം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പാഠപുസ്തകങ്ങളാണ്.ഏകദേശം 15 വർഷത്തോളമാണ് ഇരുവരും ചേർന്നുകൊണ്ട് ലോക ഫുട്ബോളിനെ കാൽച്ചുവട്ടിലാക്കി വെച്ചത്. ഫുട്ബോളിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇത്തരത്തിലുള്ള ഒരു ആധിപത്യം ഉണ്ടായിട്ടില്ല എന്നുള്ളത് എല്ലാവർക്കുമറിയുന്ന സത്യമാണ്.
അതുകൊണ്ടുതന്നെ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം അനശ്വരമാണ്. ലോകത്തെ രണ്ട് ചേരികളായി തിരിക്കാൻ ഇരു താരങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ആരാണ് ഇതിൽ മികച്ചത് എന്നുള്ളത് ഇപ്പോഴും അവസാനിക്കാത്ത തർക്കമാണ്. ആരാധകർക്കിടയിൽ ഈ വിഷയത്തിൽ ഇപ്പോഴും തർക്കങ്ങൾ നിലനിന്നു പോരുന്നു.
എന്നാൽ ഇപ്പോൾ ഫുട്ബോൾ ലോകത്തെ സൂപ്പർതാരമായ കൈലിയൻ എംബപ്പേ മെസ്സിയെയും റൊണാൾഡോയെയും അവരുടെ ചിരവൈരിതയെയും കുറിച്ച് സംസാരിച്ചിട്ടുണ്ട്. പല്ലും നഖവും ഉപയോഗിച്ച് കൊണ്ടാണ് ഇരു താരങ്ങളും ലോക ഫുട്ബോളിനെ കീഴടക്കിയത് എന്നാണ് എംബപ്പേ പറഞ്ഞത്. അതായത് സർവ്വശക്തിയും സംഭരിച്ചു കൊണ്ടാണ് മെസ്സിയും റൊണാൾഡോയും പരസ്പരം പോരാടിയത് എന്നാണ് എംബപ്പേ ഉദ്ദേശിച്ചിട്ടുള്ളത്.
‘ ജനങ്ങൾ ഫുട്ബോളിനെ നോക്കിക്കാണുന്ന രീതിയിൽ തന്നെ മാറ്റാൻ ആ രണ്ടു താരങ്ങൾക്കും സാധിച്ചു. എനിക്ക് തോന്നുന്നത് അതുകൊണ്ടാണ് ആളുകൾ എല്ലാവരും ഈ രണ്ടു താരങ്ങളുടെയും റൈവൽറിയിൽ ആകർഷരായി ഇരിക്കുന്നത്. മെസ്സിയും റൊണാൾഡോയും ഫുട്ബോളിനെയും ജീവിതത്തെയും നോക്കി കാണുന്ന രീതികൾ വളരെ വ്യത്യസ്തമാണ്. ഒരു പതിറ്റാണ്ടോളമാണ് ഈ രണ്ടു താരങ്ങളും പല്ലും നഖവും ഉപയോഗിച്ച് ലോക ഫുട്ബോളിനെ കാൽചുവട്ടിലാക്കിയത്. എന്റെ കുട്ടിക്കാലം മുഴുവനും ഈ രണ്ടു താരങ്ങളും കീഴടക്കി ‘ എംബപ്പേ പറഞ്ഞു.
ഈ സീസണിൽ മെസ്സി മികച്ച രൂപത്തിലാണ് കളിക്കുന്നത്. 3 ഗോളുകളും 7 അസിസ്റ്റുകളും ലീഗ് വണ്ണിൽ നേടിക്കഴിഞ്ഞിട്ടുണ്ട്.എന്നാൽ റൊണാൾഡോക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണ്. 7 മത്സരങ്ങൾ കളിച്ച റൊണാൾഡോക്ക് ഗോളോ അസിസ്റ്റോ നേടാൻ കഴിഞ്ഞിട്ടില്ല.