“ഞാനാണു വെർണറെങ്കിൽ മാഗ്വയ്ർ കളിക്കണമെന്നാണ് ആവശ്യപ്പെടുക”- യുണൈറ്റഡ് നായകനു മുന്നറിയിപ്പു നൽകി മുൻ ലിവർപൂൾ പ്രതിരോധതാരം
ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്നു രാത്രി പ്രീമിയർ ലീഗിൽ ഏറ്റുമുട്ടാനിരിക്കെ ചെൽസി മുന്നേറ്റനിര താരം ടിമോ വെർണറെ നേരിടുന്നത് യുണൈറ്റഡ് നായകനായ ഹാരി മാഗ്വയ്ർക്ക് ഒരു പേടിസ്വപ്നമായിരിക്കുമെന്ന മുന്നറിയിപ്പു നൽകി മുൻ ലിവർപൂൾ പ്രതിരോധ താരമായ ഗ്ലെൻ ജോൺസൺ.
പ്രീമിയർ ലീഗിൽ ഇരു ടീമുകൾക്കും നിർണായകമായ മത്സരമാണ് നടക്കാനിരിക്കുന്നത്. യുണൈറ്റഡ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടി മികച്ച ഫോമിൽ വരുമ്പോൾ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സമനില വഴങ്ങുകയായിരുന്നു ചെൽസി. പിഎസ്ജിക്കെതിരെ പുറത്തിരുന്ന മാഗ്വയർ ഇന്നു കളിക്കാനിരിക്കെയാണ് താരത്തിന് മുൻ ഇംഗ്ലണ്ട് താരം മുന്നറിയിപ്പു നൽകിയത്.
Glen Johnson claims Timo Werner will be an 'absolute nightmare' for Harry Maguire https://t.co/VzLfB9DAdI
— MailOnline Sport (@MailSport) October 24, 2020
“ഞാനാണു ടിമോ വെർണറെങ്കിൽ ദയവു ചെയ്ത് മാഗ്വയ്റെ കളിപ്പിക്കൂവെന്നാണ് തീർച്ചയായും പ്രാർത്ഥിക്കുക. മാഗ്വയ്ർക്ക് വെർണർ ഒരു ദുസ്വപ്നം തന്നെയായിരിക്കും. എന്നാൽ സ്വന്തം നായകനെ ടീമിൽ നിന്നും ഒഴിവാക്കുക ദുഷ്കരമായിരിക്കും. യുണൈറ്റഡിന് അദ്ദേഹം വലിയ താരമാണ്.” ഒപ്റ്റ സ്പോർട്സിനോട് ജോൺസൺ പറഞ്ഞു.
“എന്നാൽ കഴിഞ്ഞ മത്സരത്തിലെ പ്രകടനം കണക്കാക്കുമ്പോൾ ഞാൻ ടുവാൻസെബെയാണെങ്കിൽ എന്തു കൊണ്ടെന്നെ കളിപ്പിക്കുന്നില്ലെന്നാണു ഞാൻ കരുതുക.” ജോൺസൺ വ്യക്തമാക്കി.
ഇരുപത്തിരണ്ടുകാരനായ ടുവാൻസെബെ കഴിഞ്ഞ മത്സരത്തിൽ നെയ്മർ, എംബാപ്പെ എന്നിവരടങ്ങുന്ന പിഎസ്ജി മുന്നേറ്റത്തിന്റെ മുനയൊടിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തെ സ്ഥിരമായി ആദ്യ ഇലവനിൽ കളിപ്പിക്കണമെന്ന് ആരാധകരും റിയോ ഫെർഡിനാൻഡ് അടക്കമുള്ള മുൻ താരങ്ങളും ആവശ്യപ്പെട്ടിരുന്നു.