ലൗടാരോക്കു വേണ്ടി ബാഴ്സ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് സുവാരസ്
ഇന്റർ മിലാൻ താരമായ ലൗടാരോ മാർട്ടിനസ് അടുത്ത സീസണിൽ ബാഴ്സയിൽ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാക്കുന്ന വെളിപ്പെടുത്തലുമായി സൂപ്പർ താരം ലൂയിസ് സുവാരസ്. മികച്ച കളിക്കാരനായ അർജന്റീനിയൻ താരത്തെ ഇരു കൈകളും നീട്ടി ബാഴ്സ ടീമംഗങ്ങൾ സ്വീകരിക്കുമെന്ന് സുവാരസ് വ്യക്തമാക്കി. സ്പാനിഷ് മാധ്യമം സ്പോർടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വളരെ മികച്ച താരമാണ് മാർട്ടിനസ്. ഇന്ററിനു വേണ്ടി വളരെ മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്യുന്നു. അർജൻറീനയിൽ നിന്നും ഇറ്റലിയിലെത്തുക ദുഷ്കരമായിരുന്നിട്ടു കൂടി ലീഗിലെത്തി മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ബാഴ്സയിലെത്തിയാൽ അദ്ദേഹത്തെ എല്ലാ വിധത്തിലും സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്.” സുവാരസ് വ്യക്തമാക്കി.
🗣 Luis Suárez: "Lautaro is a great player. He’s been playing at a great level for Inter. He’s young and if he comes to Barça, we will try to help him adapt and help him to feel comfortable." pic.twitter.com/QFSFbPoCoj
— Barcelona Worldwide (@BarcaWorldwide) July 14, 2020
ബാഴ്സലോണ ലൗടാരോ ട്രാൻസ്ഫറിനോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. എഴുപതു മില്യണും ലെഫ്റ്റ് ബാക്കായ ജൂനിയർ ഫിർപോയേയും നൽകിയാണ് അർജന്റീനിയൻ താരത്തെ ടീമിലെത്തിക്കാൻ ബാഴ്സ ഒരുങ്ങുന്നതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
ബാഴ്സയിലെത്തിയാൽ ലൗടാരോ സുവാരസിന്റെ പൊസിഷനിലായിരിക്കും കളിക്കുക. മുപ്പത്തിമൂന്നുകാരനായ യുറുഗ്വയ് താരം നിലവിൽ അത്ര മികച്ച ഫോമിലല്ല. അതു കൊണ്ടു തന്നെ ഒരു സ്ട്രൈക്കർ ബാഴ്സക്ക് അത്യാവശ്യമാണ്.