ഒരു ഫുട്ബോൾ താരത്തിനും ഇതുവരെ ലഭിക്കാത്ത പ്രതിഫലം, വമ്പൻ ഓഫർ വേണ്ടെന്നു വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താരം ശ്രമം നടത്തിയെങ്കിലും യൂറോപ്പിലെ പ്രധാന ക്ലബുകളൊന്നും താരത്തെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ല. ഇതേത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടർന്ന റൊണാൾഡോ തന്റെ കരിയറിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാതിരിക്കുന്ന സീസൺ കൂടിയാണിത്.
അതിനിടയിൽ നിലവിലൊരു ഫുട്ബോൾ താരത്തിനും ലഭിച്ചിട്ടില്ലാത്ത പ്രതിഫലം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വാഗ്ദാനം ചെയ്യപ്പെട്ടുവെന്നും താരം അതു നിഷേധിച്ചുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പോർചുഗലിലെ ഒരു പ്രധാന മാധ്യമത്തെ അടിസ്ഥാനമാക്കി മാർക്ക പുറത്തു വിട്ടതു പ്രകാരം സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ റൊണാൾഡോയെ രണ്ടു വർഷത്തെ കരാറിൽ സ്വന്തമാക്കാൻ 210 മില്യൺ പൗണ്ടാണ് വാഗ്ദാനം ചെയ്തത്. എന്നാൽ പണമല്ല തനിക്ക് പ്രധാനമെന്ന നിലപാടെടുത്ത് റൊണാൾഡോ ഈ ഓഫർ നിരസിക്കുകയായിരുന്നു.
ഓഫർ സ്വീകരിച്ചിരുന്നെങ്കിലും ആഴ്ചയിൽ 1.7 മില്യൺ പൗണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രതിഫലമായി ലഭിക്കുക. നിലവിൽ ലോകഫുട്ബോളില് ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി കണക്കാക്കപ്പെടുന്ന കിലിയൻ എംബാപ്പയുടെ വേതനത്തെക്കാൾ മൂന്നിരട്ടിയോളം കൂടുതലാണിത്. എന്നാൽ മികച്ച ലീഗുകളിലെ, മികച്ച ക്ലബുകളിൽ തുടർന്നു കളിക്കണമെന്ന ആഗ്രഹത്തെ തുടർന്ന് മുപ്പത്തിയേഴു വയസുള്ള പോർച്ചുഗീസ് താരം ഈ ഓഫർ നിഷേധിക്കുകയായിരുന്നു.
🚨BREAKING:
— Barstool Football (@StoolFootball) September 13, 2022
According to CNN Portugal, Cristiano Ronaldo rejected an offer from Saudi Arabian club Al-Hilal this summer ❌
The offer was worth €243m over two years. That is €2.3m-a-week 💰
🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯 pic.twitter.com/yUhvNx10vk
അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി വരും വർഷങ്ങളിൽ സൗദി അറേബ്യയിൽ നിന്നും കൂടുതൽ ഓഫറുകൾ വന്നേക്കാമെന്നാണ് സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ അൽ മിഷേൽ പറയുന്നത്. റൊണാൾഡോ പോലൊരു താരത്തെ ഏവരും തങ്ങൾക്കൊപ്പം ആഗ്രഹിക്കുമെന്നു വ്യക്തമാക്കിയ അദ്ദേഹം ട്രാൻസ്ഫറിനു വളരെയധികം ചിലവു വരുമെങ്കിലും അതിലൂടെ വരുമാനവും വർധിക്കുമെന്നും പറഞ്ഞിരുന്നു.
നിലവിലെ സാഹചര്യങ്ങൾ കണക്കാക്കുമ്പോൾ ജനുവരിയിലോ അടുത്ത സമ്മറിലോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യത കൂടുതലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരം പകരക്കാരുടെ റോളിലാണ് കളിക്കുന്നത്. ഇതിൽ നിരാശയുള്ള പോർച്ചുഗൽ നായകൻ ജനുവരിയിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ തന്നെ സജീവമായി നിലനിൽക്കുന്നു.