ചാമ്പ്യൻസ് ലീഗ് തോൽ‌വിയിൽ ബാഴ്‌സയെ കളിയാക്കി റയൽ മാഡ്രിഡ് താരങ്ങളായ ബെൻസിമയും വിനീഷ്യസും

ബയേൺ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ബാഴ്‌സലോണയെ കളിയാക്കുന്ന രീതിയിലുള്ള ഇൻസ്റ്റഗ്രാം സ്റ്റാറ്റസുകളുമായി റയൽ മാഡ്രിഡ് താരങ്ങളായ കരിം ബെൻസീമയും വിനീഷ്യസ് ജൂനിയറും. ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്‌സലോണക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും ലൂക്കാസ് ഹെർണാണ്ടസ്, ലെറോയ് സാനെ എന്നിവർ രണ്ടാം പകുതിയിൽ നേടിയ ഗോളുകളിൽ വിജയിച്ച ബയേൺ മ്യൂണിക്ക് തുടർച്ചയായ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് കാറ്റലൻ ക്ലബ്ബിനെ കീഴടക്കുന്നത്.

ബാഴ്‌സലോണയുടെ പ്രധാന എതിരാളികളായ റയൽ മാഡ്രിഡിനു ബയേൺ മ്യൂണിക്കിന്റെ വിജയത്തിൽ വളരെയധികം സന്തോഷമുണ്ടെന്നു തന്നെയാണ് അവരുടെ സ്റ്റാറ്റസുകൾ വ്യക്തമാക്കുന്നത്. ബാഴ്‌സലോണയുടെ തോൽവിയെക്കുറിച്ച് പ്രത്യക്ഷമായി വ്യക്തമാക്കുന്നില്ലെങ്കിലും മത്സരം അവസാനിച്ചയുടൻ പോസ്റ്റ് ചെയ്‌ത സ്റ്റോറികൾ കാറ്റലൻ ക്ലബിനെയാണ് ഉന്നം വെക്കുന്നതെന്നു വ്യക്തമാണ്. ഈ കളിയാക്കൽ സീസണിൽ റയലും ബാഴ്‌സലോണയും തമ്മിലുള്ള മത്സരത്തിനു പുതിയൊരു മാനം നൽകുമെന്നതും വ്യക്തമാണ്.

ബാഴ്‌സലോണ-ബയേൺ മ്യൂണിക്ക് മത്സരം അവസാനിച്ചതിനു പിന്നാലെ ഫ്രഞ്ച് താരം കരിം ബെൻസീമയിട്ട സ്റ്റോറി താരം കഴിഞ്ഞ സീസണിൽ നേടിയ ചാമ്പ്യൻസ് ലീഗ് കിരീടവുമായി നിൽക്കുന്നതായിരുന്നു. ഇതിനൊപ്പം എല്ലാവർക്കും ശുഭരാത്രി കൂടി താരം നേർന്നിട്ടുണ്ട്. അതേസമയം വിനീഷ്യസും മത്സരം തീർന്ന ഉടനെയാണ് സ്റ്റോറി ഇട്ടിരിക്കുന്നത്. ട്രൈനിങ്ങിനിടെ സഹതാരങ്ങളോടൊപ്പം പൊട്ടിച്ചരിക്കുന്ന ഫോട്ടോയാണ് ബ്രസീലിയൻ താരം പോസ്റ്റ് ചെയ്‌തത്‌. രണ്ടു സ്റ്റാറ്റസുകളും ബാഴ്‌സയുടെ മുറിവിൽ ഉപ്പു തേക്കുന്നതിനു തുല്യമാണ്.

ഈ സീസണിലിതു വരെ മികച്ച പ്രകടനം നടത്തിയ ബാഴ്‌സലോണയെ സംബന്ധിച്ച് ബയേണിനെതിരായ തോൽവി നിരാശ സമ്മാനിക്കുന്നതാണ്. മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ നേടുന്നതിൽ പുറകോട്ടു പോയതാണ് അവർക്കു തിരിച്ചടിയായത്. ഈ സീസണിൽ ബാഴ്‌സലോണ വഴങ്ങുന്ന ആദ്യത്തെ തോൽവി കൂടിയായിരുന്നു ബയേണിനെതിരെയുള്ളത്. ടീമിൽ അഴിച്ചു പണി നടത്തിയെങ്കിലും ഇനിയും ബാഴ്‌സ മെച്ചപ്പെടാനുണ്ടെന്ന് മത്സരം വ്യക്തമാക്കുന്നു.

അതേസമയം റയൽ മാഡ്രിഡിനെതിരെ നടന്ന കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബാഴ്‌സലോണ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. ലാ ലീഗയിൽ കഴിഞ്ഞ സീസണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയം നേടിയത്. അതിനു ശേഷം പ്രീ സീസണിൽ ഒരു ഗോളിന്റെ വിജയവും സാവിയുടെ ടീം നേടി. റയൽ മാഡ്രിഡ് താരങ്ങളുടെ പ്രതികരണം അടുത്ത എൽ ക്ലാസിക്കോ മത്സരത്തെ ആവേശകരമാക്കും എന്നുറപ്പാണ്.

Rate this post