ലോകത്തിലെ ഏറ്റവും മികച്ച വിങ്ങർ, റൊണാൾഡോയെ തഴഞ്ഞ് പിഎസ്ജി താരത്തെ തിരഞ്ഞെടുത്ത് ജോവാ ഫെലിക്സ്
കരിയറിന്റെ തുടക്കത്തിൽ വിങ്ങർ പൊസിഷനിൽ കളിച്ചിരുന്ന റൊണാൾഡോ പിന്നീട് റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷമാണ് കൂടുതൽ സെന്റർ പൊസിഷനിലേക്ക് മാറിക്കളിക്കാൻ തുടങ്ങിയത്. ഇപ്പോഴും ടീം ലൈനപ്പിൽ കൂടുതലായും ലെഫ്റ്റ് വിങ്ങർ പൊസിഷനിൽ ഇറങ്ങുന്ന റൊണാൾഡോ രണ്ടു പൊസിഷനിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. എന്നാൽ റൊണാൾഡോയുടെ പോർച്ചുഗൽ സഹതാരമായ ജോവോ ഫെലിക്സ് ലോകത്തിലെ ഏറ്റവും മികച്ച വിങ്ങറെ തിരഞ്ഞെടുത്തപ്പോൾ അതു റൊണാൾഡോ അല്ലായിരുന്നു.
കണ്ടന്റ് ക്രിയേറ്ററായ അഡ്രി കോൺട്രെറാസിന്റെ റാപ്പിഡ് ഫയർ സെഷനിലാണ് ജോവോ ഫെലിക്സ് നിരവധി കാര്യങ്ങൾക്ക് മറുപടി നൽകിയത്. ലോകത്തിലെ ഏറ്റവും മികച്ച വിങ്ങർ ആരാണെന്ന ചോദ്യത്തിന് യാതൊരു സംശയവും കൂടാതെയാണ് മുൻ ബെൻഫിക്ക തരാം നെയ്മർ എന്നു മറുപടി നൽകിയത്. എന്നാൽ ബാഴ്സലോണയിൽ വിങ്ങറായി കളിച്ചിരുന്ന നെയ്മർ പിഎസ്ജിയിൽ എത്തിയതിനു ശേഷം കൂടുതലായും സെൻട്രൽ പൊസിഷനിലാണ് കളി മെനയുന്നതെന്നത് പറയാതെ വയ്യ.
ഇതിനു മുൻപും നെയ്മറോടുള്ള തന്റെ താൽപര്യം അത്ലറ്റികോ മാഡ്രിഡ് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറിൽ ടിഎൻടി സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ നെയ്മർക്കൊപ്പം കളിക്കാനുള്ള ആഗ്രഹം ഫെലിക്സ് വെളിപ്പെടുത്തിയിരുന്നു. നെയ്മർക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച താരം ഫുട്ബോളിൽ എന്തു സംഭവിക്കുമെന്ന് മുൻകൂട്ടി പറയാൻ കഴിയില്ലെങ്കിലും നെയ്മർക്കൊപ്പം ഇണങ്ങിച്ചേർന്നു കളിക്കാൻ കഴിയുമെന്ന വിശ്വാസവും വെളിപ്പെടുത്തി.
🗣Joao Felix'ten sorulara kısa cevaplar👀
— Fanatik (@fanatikcomtr) September 20, 2022
İdolün: Kaka
En iyi kanat oyuncusu: Neymar
Değeri en az bilinen oyuncu: Cunha
En iyi teknik direktör: Pas geçelim.
(El Partidazo) pic.twitter.com/9nVK18neWX
നിലവിൽ ഇരുപത്തിരണ്ടു വയസുള്ള ജോവോ ഫെലിക്സ് 2019ലാണ് ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിൽ എത്തുന്നത്. 126 മില്യൺ യൂറോയെന്ന വമ്പൻ തുകയ്ക്കാണ് അത്ലറ്റികോ ഫെലിക്സിനെ സ്വന്തമാക്കുന്നത്. ഗ്രീസ്മനെ ബാഴ്സ സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു ജോവ ഫെലിക്സിനെ അത്ലറ്റികോ മാഡ്രിഡ് ടീമിലെത്തിക്കുന്നത്. എന്നാൽ തന്റെ മൂല്യത്തിനനുസരിച്ചുള്ള പ്രകടനം ഫെലിക്സിന് നടത്താൻ കഴിഞ്ഞിട്ടില്ല.
അതേസമയം ലോകത്തിലെ ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്ഫറിന് ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിൽ എത്തിയ നെയ്മർ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ഈ സീസണിൽ കളിക്കുന്നത്. ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ച താരം 11 ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ബ്രസീൽ ടീമിനൊപ്പം സൗഹൃദ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് നെയ്മർ.