ചാമ്പ്യൻസ് ലീഗിൽ നിന്നും മൂന്നു വർഷം വിലക്കിയാലും റയൽ മാഡ്രിഡ് കുലുങ്ങില്ല, വമ്പൻ പദ്ധതിയുമായി ഫ്ലോറന്റീനോ പെരസ്

ഫുട്ബോൾ ലോകത്ത് വളരെയധികം കോളിളക്കം സൃഷ്‌ടിച്ച പദ്ധതിയാണ് യൂറോപ്യൻ സൂപ്പർ ലീഗ്. റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് നേതൃത്വം നൽകി നടപ്പിലാക്കാൻ ശ്രമിച്ച ഈ പദ്ധതിക്കൊപ്പം ആദ്യം യൂറോപ്പിലെ പ്രമുഖ ക്ലബുകളെല്ലാം ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിൽ നിന്നും അവർ പിൻവാങ്ങി. സൂപ്പർ ലീഗ് പദ്ധതിയുമായി മുന്നോട്ടു പോയാൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന യുവേഫയുടെ ഭീഷണിയും ആരാധകരുടെ പ്രതിഷേധവുമാണ് സൂപ്പർ ലീഗ് പദ്ധതിയിൽ നിന്നും ക്ലബുകൾ ഒഴിവാക്കാൻ കാരണമായത്.

യൂറോപ്യൻ സൂപ്പർ ലീഗ് ഇപ്പോഴും എവിടെയുമെത്താതെ നിൽക്കുകയാണെങ്കിലും ആ പദ്ധതിയിൽ നിന്നും പൂർണമായും വിട്ടു നിൽക്കാത്ത മൂന്നു ക്ലബുകൾ ഇപ്പോഴുമുണ്ട്. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ടീമുകളാണ് സൂപ്പർ ലീഗ് നടപ്പിലാക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച് അതിനായുള്ള പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിക്കുന്നത്. അതേസമയം യുവേഫയിൽ നിന്നും കടുത്ത എതിർപ്പും നിയമനടപടികളും ഇതിന്റെ ഭാഗമായി ഈ ക്ലബുകൾക്കെതിരെ ഉണ്ടാകുന്നുമുണ്ട്.

നിലവിൽ റയൽ മാഡ്രിഡും യുവേഫയും തമ്മിൽ ഈ വിഷയത്തിൽ നിയമപോരാട്ടം നടക്കുന്നുണ്ട്. ലക്സംബർഗിൽ വെച്ചു നടക്കുന്ന ഈ നിയമപോരാട്ടത്തിൽ യൂറോപ്യൻ കമ്മീഷനും യുവേഫക്കും ഗുണമുണ്ടാകുമെന്നും ഫ്ലോറന്റീനോ പെര്സിനും റയൽ മാഡ്രിഡിനും തിരിച്ചടി ഉണ്ടാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അങ്ങിനെ സംഭവിച്ചാൽ റയൽ മാഡ്രിഡിന് മൂന്നു വർഷം യൂറോപ്യൻ മത്സരങ്ങളിൽ നിന്നു വിലക്ക് ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ അത്തരമൊരു നടപടി യുവേഫ സ്വീകരിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് റയൽ മാഡ്രിഡ്.

ഏതെങ്കിലും സാഹചര്യത്തിൽ യൂറോപ്യൻ മത്സരങ്ങളിൽ നിന്നും വിലക്ക് ലഭിച്ചാൽ അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ റയൽ മാഡ്രിഡ് ഇപ്പോൾ തന്നെ നടപ്പിലാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വെസ്‌പോപ്പുലി വെളിപ്പെടുത്തുന്നതു പ്രകാരം ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നഷ്‌ടമാകുന്ന സീസണുകളിലെ സാമ്പത്തിക നഷ്‌ടം പരിഹരിക്കാൻ 780 മില്യൺ യൂറോയാണ് റയൽ മാഡ്രിഡ് കരുതി വെച്ചിരിക്കുന്നത്. യൂറോപ്യൻ മത്സരങ്ങൾ നഷ്‌ടമായാലും ഈ തുക ഉപയോഗിച്ച് റയൽ മാഡ്രിഡിന് ടീമിനെ കരുത്തരാക്കി മാറ്റാൻ കഴിയും.

ഫ്ലോറന്റീനോ പെരസിനെ പോലെ ദീർഘദർശിയായ ഒരു പ്രസിഡന്റിന്റെ സാന്നിധ്യം തന്നെയാണ് റയൽ മാഡ്രിഡിന്റെ കരുത്ത്. കോവിഡ് കാലത്ത് എല്ലാ ക്ലബുകളും സാമ്പത്തിക നഷ്‌ടത്തെ അഭിമുഖീകരിച്ച സമയത്ത് അതിനെ മറികടന്ന ഒരേയൊരു ക്ലബ് റയൽ മാഡ്രിഡായിരുന്നു. ഇക്കാലയളവിൽ മികച്ച നേട്ടങ്ങളും അവർ സ്വന്തമാക്കി. ബെർണാബുവിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നിലവിൽ ലഭിക്കുന്നതിന്റെ ഇരട്ടി വരുമാനം ഉണ്ടാക്കാനുള്ള പദ്ധതിയാണ് റയൽ മാഡ്രിഡ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

Rate this post