റയൽ സോസിഡാഡിനെതിരെയുള്ള വിജയത്തോടെ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്ത് റയൽ മാഡ്രിഡ് | Real Madrid

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ ഒരു ഗോളിന്റെ വിജയവുമായി റയൽ മാഡ്രിഡ്. ആദ്യ പകുതിയിൽ അർദ ഗുലർ നേടിയ ഗോളാണ് റയലിന് വിജയം നേടികൊടുത്തത്. വിജയത്തോടെ റയൽ മാഡ്രിഡ് 36-ാം സ്പാനിഷ് കിരീടത്തിലേക്ക് ഒരു പടി കൂടി എടുത്തിരിക്കുകയാണ്. അഞ്ച് കളികൾ ശേഷിക്കെ റയലിന് 84 പോയിൻ്റായിരിക്കുകയാണ്.

രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാൾ ലീഡ് 14 പോയിൻ്റായി .ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന് മുന്നോടിയായി പ്രധാന താരങ്ങളായ ജൂഡ് ബെല്ലിംഗ്ഹാം, ടോണി ക്രൂസ് എന്നിവർക്ക് വിശ്രമം നൽകി, ഞായറാഴ്ച ബാഴ്‌സയെ 3-2ന് തോൽപ്പിച്ച ടീമിൽ റയൽ മാനേജർ കാർലോ ആൻസലോട്ടി ഒമ്പത് മാറ്റങ്ങൾ വരുത്തി.യൂറോപ്പ ലീഗ് സ്ഥാനത്തിനായി പോരാടുന്ന ആറാം സ്ഥാനക്കാരായ റയൽ സോസിഡാഡ് മത്സരത്തിൽ പൊസഷനിൽ ആധിപത്യം സ്ഥാപിച്ചു.റയൽ കീപ്പർ കെപ അരിസാബലാഗയെ പരീക്ഷിക്കുകയും ചെയ്തു.

ആദ്യ പകുതിയിൽ ലഭിച്ച ഒരേയൊരു അവസരം റയൽ പരമാവധി മുതലെടുത്തു.മത്സരത്തിന്റെ 29-ാം മിനിറ്റിൽ ഡാനി കാർവാജലിൻ്റെ ക്രോസ് അർദ ഗുലർ ഗോളാക്കി മാറ്റി. ഫെനർബാഷെയിൽ നിന്ന് സൈൻ ചെയ്തതിന് ശേഷം 19 കാരനായ തുർക്കി മിഡ്ഫീൽഡർ ഗുലർ റയലിനായി തൻ്റെ ആദ്യ തുടക്കമാണ് മത്സരത്തിൽ കുറിച്ചത്.മൂന്ന് മിനിറ്റിനുശേഷം ടേക്ക്ഫ്യൂസ കുബോ ക്ലോസ് റേഞ്ചിൽ നിന്ന് മികച്ചൊരു ഫിനിഷിലൂടെ സമനില ഗോൾ നേടിയെന്ന് കരുതി എന്നാൽ VAR പരിശോധനയെത്തുടർന്ന് ബിൽഡ്-അപ്പിൽ ഒരു ഫൗൾ കണ്ടതിനെത്തുടർന്ന് റഫറി ഗോൾ അനുവദിച്ചില്ല.

ഇടവേളയ്ക്ക് ശേഷം സമനില ഗോളിനായി ആതിഥേയർ ശ്രമിച്ചെങ്കിലും മറ്റൊരു ഗോൾ കൂടി ഓഫ്‌സൈഡ് ആയി മാറി. റയൽ മാഡ്രിഡിന് അവരുടെ ലീഡ് വർധിപ്പിക്കാൻ അവസരം ലഭിച്ചെങ്കിലും എഡ്വേർഡോ കാമവിംഗയുടെ സ്‌ട്രൈക്ക് കീപ്പർ എലെക്‌സ് റെമിറോ മിന്നുന്ന റിഫ്ലെക്‌സ് സേവ് നടത്തി.

Rate this post