ലൊബേറോ, മനോളോ മാർക്കസ്… : കേരള ബ്ലാസ്റ്റേഴ്സിൽ ഇവാൻ വുകോമനോവിച്ചിന് പകരമെത്തുന്ന പരിശീലകൻ ആരായിരിക്കും ? | Kerala Blasters

ഇവാൻ വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിസീലക സ്ഥാനം ഒഴിഞ്ഞു എന്ന വാർത്ത വലിയ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് സെർബിയനെ കണക്കാക്കുന്നത്.കളിക്കളത്തിൽ താരങ്ങളേക്കാൾ ആരാധക പ്രീതി കോച്ചിന് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങൾ മറിച്ചാണ്.

കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ കൂടിയാണ് ഇവാൻ വുകോമനോവിച്ച്. ക്ലബ്ബിനെ തുടർച്ചയായ മൂന്ന് സീസണുകളിൽ പരിശീലിപ്പിക്കുന്ന ഏക പരിശീലകനും കൂടിയാണ് ഇവാൻ.ചരിത്രത്തിൽ ആദ്യമായി മൂന്നു സീസണുകളിൽ തുടർച്ചയായി ക്ലബ്ബിനെ പ്ലേ ഓഫിലെത്തിച്ച അദ്ദേഹം ഒരു സീസൺ കൂടി ടീമിനൊപ്പം തുടരുമെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം ഉണ്ടായത്.ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു.

2021-22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.ഇവാന് കീഴിൽ ക്ലബ് മികച്ച പ്രകടനം നടത്തിയെന്ന് ഏവരും കരുതുമ്പോഴും അദ്ദേഹം പൂർണമായും തൃപ്‌തനായിരുന്നില്ല. ഒഡിഷ എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്‌സ് പുറത്തായതോടെയാണ് അദ്ദേഹം ടീം വിടാനുള്ള തീരുമാനം എടുക്കുന്നത്.ഇവാന്റെ പകരക്കാരന് വേണ്ടിയുള്ള ചർച്ചകൾ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനൽ പോരാട്ടങ്ങളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. സെമിഫൈനലിനെ യോഗ്യത നേടിയ നാല് ടീമുകളിലെ ഒരു പരിശീലകനുമായി പ്രാരംഭ ചർച്ചകൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുകഴിഞ്ഞു എന്ന റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്.മോഹൻ ബഗാന്റെ പരിശീലകനായ ലോപ്പസ് ഹബാസ്, മുംബൈ സിറ്റിയുടെ പരിശീലകനായ പീറ്റർ ക്രാറ്റ്ക്കി, എഫ് സി ഗോവയുടെ പരിശീലകനായ മനോളോ മാർക്കസ്, ഒഡീഷയുടെ പരിശീലകനായ സെർജിയോ ലൊബേറ എന്നീ നാലു പരിശീലകരിൽ ഒരാളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾതന്നെ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

ഈ നാലു പേരിൽ ആരാണ് എന്നത് ഇവർ വ്യക്തമാക്കിയിട്ടില്ല.മനോളോ മാർക്കസ്,സെർജിയോ ലൊബേറോ എന്നീ രണ്ടുപേരിൽ ഒരാൾക്കാണ് സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.ഐഎസ്എല്ലിലെ ഒരു ക്ലബിൽ നിന്നും, യൂറോപ്യൻ ക്ലബുകളിൽ നിന്നുമെല്ലാം സ്ഥാനമൊഴിഞ്ഞ ഇവാന് ഓഫറുകൾ ലഭിക്കുന്നുണ്ട്.നാട്ടിലേക്ക് മടങ്ങാൻ കഴിയുന്ന ഓഫർ അദ്ദേഹം സ്വീകരിച്ചേക്കും.

3/5 - (1 vote)