അംഗീകരിക്കാനാവാത്ത വ്യാജവാർത്ത, ഫ്രാൻസിൽ നിന്നും വിരമിക്കുകയാണെന്ന വാർത്തക്കെതിരെ പോഗ്ബ രംഗത്ത്
ഒടുവിൽ കായികലോകം ഞെട്ടിയ ആ അഭ്യൂഹത്തിന് വിരാമമായിരിക്കുകയാണ്.ഇന്നു രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച പ്രധാന വാർത്തകളിലൊന്നാണ് ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചുവെന്ന വിവരം. ഫ്രാൻസ് പ്രസിഡന്റായ ഇമ്മാനുവേൽ മക്രോണിന്റെ ഇസ്ലാം മതത്തെ എതിർക്കുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ഫ്രാൻസിൽ നിന്നും വിരമിക്കുന്നതെന്നായിരുന്നു ഒരു അറബ് വാർത്ത ഏജൻസിയുടെ വരാത്തയെ ഉദ്ദരിച്ച് ഇംഗ്ലീഷ് മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഈ വാർത്തയെ നിഷേധിച്ചു പോഗ്ബ തന്നെ രംഗത്തെത്തിയത്തോടെയാണ് അഭ്യൂഹങ്ങളുടെ യാഥാർത്ഥ്യത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പോഗ്ബ ഇത് വ്യാജവാർത്തയാണെന്നു സ്ഥിരീകരിച്ചത്. ദി സൺ റിപ്പോർട്ട് ചെയ്ത ന്യൂസിന്റെ സ്ക്രീൻഷോട്ട് തന്നെ യാണ് സ്റ്റോറിയിൽ പോഗ്ബ ഉൾപ്പെടുത്തിയിരിക്കുന്നത്.
Paul Pogba has hit out at claims he has quit the France national team, calling it "Fake News" 🤥 pic.twitter.com/3q7MajrM7z
— Goal (@goal) October 26, 2020
ഒരിക്കലും അംഗീകരിക്കാനാവാത്ത വ്യാജ വാർത്ത എന്ന തലക്കെട്ടോടു കൂടിയാണ് ആ വാർത്തയെ തള്ളിക്കളഞ്ഞത്. നിരവധി അറബ് മാധ്യമങ്ങളിലാണ് മുസ്ലിം മത വിശ്വാസിയായ പോഗ്ബ വിരമിച്ചുവെന്ന വാർത്ത പറന്നത്. അതിനു പിന്നാലെ ഇംഗ്ലീഷ് മാധ്യമമായ സണ്ണും ചേർന്നതോടെ വാർത്ത ആരാധശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.
വലിയ വിവാദങ്ങളുണ്ടാക്കുന്ന ഇത്തരം വാർത്തകൾ പടച്ചു വിടുന്നതിനെതിരെ പോഗ്ബ തുറന്നടിക്കുകയും ചെയ്തു. സൺ പുറത്തുവിട്ട ന്യൂസ് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും വാർത്ത എഴുതിയ ആളുകൾ ആദ്യം സ്കൂളിൽ ടീച്ചർ പഠിപ്പിച്ചു തന്നത് ഓർമിക്കണമെന്നും വിമർശിച്ചു. സ്രോതസ്സ് ഇല്ലാത്ത വാർത്തകളെ ഒരിക്കലും വിശ്വസിക്കരുതെന്നു ടീച്ചർ പറഞ്ഞു തന്നത് വിസ്മരിക്കരുതെന്നും പോഗ്ബ ചൂണ്ടിക്കാണിച്ചു. നിങ്ങളുടെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം ഇൻസ്റ്റയിൽ കുറിച്ചു.