അർജന്റീനക്ക് വേണ്ടിയും ലയണൽ മെസ്സി മാജിക്, തകർപ്പൻ ജയത്തോടെ അർജന്റീന|Argentina |Lionel Messi

സൂപ്പർ താരം ലയണൽ മെസ്സിയുടെ മാജിക് പ്രകടനത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന. ഹോണ്ടുറാസിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ വിജയമാണ് അര്ജന്റീന ഇന്ന് നേടിയത്. അര്ജന്റീനക്കായി ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടി മികച്ച പ്രകടനം പുറത്തെടുത്തു.ലാറ്റൂരോ മാർട്ടിനെസിന്റെ ആദ്യ ഗോളിലും മെസിയുടെ പങ്കുണ്ടായിരുന്നു.

ഹോണ്ടുറാസിനെതിരെ അർജന്റീനക്കായി പ്രധാന താരങ്ങളെയെല്ലാം പരിശീലകൻ ലയണൽ സ്കെലോണി അണിനിരത്തിയിരുന്നു. മുന്നേറ്റ നിരയിൽ മെസ്സിക്കൊപ്പം ലാറ്റൂരോ മാര്ടിനെസും പപ്പു ഗോമസുമാണ് അണിനിരന്നത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ അർജന്റീനിയൻ ആധിപത്യമാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ നാലാം മിനുട്ടിൽ പാപ്പു ഗോമസ് ബോക്‌സിന്റെ അരികിൽ ഒരു ഡിഫൻഡറെ മറികടന്ന് തൊടുത്ത ഷോട്ട് ബാറിന് തൊട്ട് മുകളിലൂടെ പോയി. ഒന്പതാം മിനുട്ടിൽ റോഡ്രിഗോ ഡി പോളിന്റെ ലോംഗ് റേഞ്ച് ഷോട്ടും ഇഞ്ചുകളുടെ വ്യത്യസത്തിലാണ് പുറത്ത് പോയത്.

16 ആം മിനുട്ടിൽ അര്ജന്റീന ഹോണ്ടുറാസ് വലയിലേക്ക് ആദ്യ ഗോൾ നേടി.പാപ്പു ഗോമസിന്റ് പാസിൽ നിന്നും ലൗട്ടാരോ മാർട്ടിനെസാണ് ഗോൾ കണ്ടെത്തിയത്. ഗോൾ അടിച്ചതിനു ശേഷം മെസ്സിയുടെ നേതൃത്വത്തിൽ അര്ജന്റീന ഹോണ്ടുറാസ് ഗോൾമുഖം ലക്ഷ്യമാക്കി നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അലയനാൽ മെസ്സിയിലൂടെ അര്ജന്റീന ലീഡുയർത്തി. പെനാൽറ്റിയിൽ നിന്നുമാണ് മെസ്സി ഗോൾ നേടിയത്.

രണ്ടാം പകുതിയിലും അര്ജന്റീന ആക്രമണം തുടർന്ന് കൊണ്ടേയിരുന്നു. 69 ആം മിനുട്ടിൽ മെസ്സിയുടെ അര്ജന്റീന സ്കോർ 3 -0 ആക്കി ഉയർത്തി. ഹോണ്ടുറാസ് താരത്തിന്റെ പിഴവിൽ നിന്നും പന്ത് കിട്ടിയ മെസ്സി ബോക്സിനു പുറത്ത് നിന്നും ഗോൾകീപ്പര്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കി.രണ്ടാം പകുതിയിൽ അറ്റ്ലാന്റ യുണൈറ്റഡിന്റെ യുവ താരം തിയാഗോ അൽമാഡക്ക് അരങ്ങേറ്റത്തിന് സ്കെലോണി അവസരം ഒരുക്കി.

75 ആം മിനുട്ടിൽ എയ്ഞ്ചൽ കൊറിയക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഹോണ്ടുറാസ് കീപ്പർ ലൂയിസ് ഔറേലിയോ ലോപ്പസ് ഫെർണാണ്ടസ് അത് രക്ഷപെടുത്തി.86 ആം മിനുട്ടിൽ ഹാട്രിക്ക് നേടാൻ മെസ്സിക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന്റെ അക്രോബാറ്റിക് ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.