കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ടത് ഇത്തവണ നേടണം,ടീം മുഴുവനും ആ ലക്ഷ്യം നേടാനുള്ള യാത്രയിലാണ് :അഡ്രിയാൻലൂണ |Kerala Blasters
ഹീറോ ISL 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നണി പോരാളിയായായിരുന്നു ഉറുഗ്വേൻ മിഡ്ഫീൽഡ് ജനറൽ അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്സിലെത്തിയതിന് ശേഷം ക്ലബ്ബിനും ആരാധകർക്കും ഒരുപോലെ പ്രിയപ്പെട്ടവനും സമാനതകളില്ലാത്തതുമായ ഒരു താരമായി ലൂണ മാറുകയും ചെയ്തു. പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ വജ്രായുധമായി ലൂണ മാറുകയും ചെയ്തു.
ക്ലബ്ബിന്റെ എക്കാലത്തെയും അസിസ്റ്റ് ലീഡർമാരിൽ ഇടം നേടിയ ലൂണ കഴിഞ്ഞ സീസണിൽ ഏഴു അസിസ്റ്റുകളാണ് നൽകിയത്.കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഐഎസ്എല്ലിന്റെ ആദ്യ സീസൺ ഏറ്റവും മികച്ച രീതിയിയിലാണ് ലൂണ അവസാനിപ്പിച്ചത്.ലൂണ മൈതാനത്ത് വിജയിക്കാൻ ആവശ്യമായ എല്ലാം പുറത്തെടുത്തെടുത്തെങ്കിലും ഐഎസ്എൽ കിരീടം മാത്രം നേടിക്കൊടുക്കാൻ സാധിച്ചില്ല.ഫൈനലിൽ ബ്ലാസ്റ്റേഴ്സ് ഹൈദെരാബാദിനോട് പെനാൽട്ടി ഷൂട്ട് ഔട്ടിൽ കീഴടങ്ങി. എന്നാൽ ഈ സീസണിൽ തന്റെ ക്ലബിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് 30 കാരന് ആത്മവിശ്വാസമുണ്ട്.
“ഞങ്ങൾ ഹീറോ ഐഎസ്എൽ 2022-2023 സീസണിൽ കിരീടം നേടുക എന്ന സ്വപ്നവുമായി കളത്തിലിറങ്ങുന്നു. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ടത് ഇത്തവണ നേടണം. ആരാധകരും മാനേജ്മെന്റും ക്ലബ്ബിൽ അർപ്പിക്കുന്ന പ്രതീക്ഷയ്ക്ക്, ഞങ്ങൾക്ക് ഒരു നല്ല ഫലം നൽകേണ്ടതുണ്ട്. ടീം മുഴുവനും ആ ലക്ഷ്യം നേടാനുള്ള യാത്രയിലാണ്,” ലൂണ പറഞ്ഞു.മിഡ്ഫീൽഡിന്റെ ഹൃദയഭാഗത്ത് ഗോളുകൾക്കും അസിസ്റ്റുകൾക്കും പുറമെ, ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ആട്രിബ്യൂട്ടുകളും ലൂണ കൊണ്ടുവന്നു.ആക്രമണത്തിൽ സഹൽ അബ്ദുൾ സമദുമായും പ്രതിരോധത്തിൽ മാർക്കോ ലെസ്കോവിച്ചുമായും ഒരു നിർണായക കൂട്ടുകെട്ടുണ്ടാക്കി.98 ടാക്കിളുകളും 38 ബ്ലോക്കുകളും 33 ഇന്റർസെപ്ഷനുകളും ആറ് ക്ലിയറൻസുകളും പ്രതിരോധത്തിൽ നടത്തിയപ്പോൾ ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളും അടങ്ങുന്ന 13 ഗോൾ സംഭാവനകൾ മിഡ്ഫീൽഡർ സ്വന്തമാക്കി.
“കഴിഞ്ഞ സീസണിൽ മധ്യനിരയിൽ സഹൽ അബ്ദുൾ സമദുമായി കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നു. കോച്ച് നിർദേശിച്ച കൂട്ടുകെട്ടുകൾ കളത്തിൽ നടപ്പാക്കാൻ കഴിഞ്ഞതാണ് കഴിഞ്ഞ സീസണിലെ വിജയം. സഹൽ അബ്ദുൾ സമദുമായുള്ള മികച്ച കോമ്പിനേഷനായിരുന്നു അത്,” അദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രീക്ക് താരം ഡിമിട്രിയോസ് ഡയമന്റക്സോയുടെയും ഓസ്ട്രേലിയൻ-ഗ്രീക്ക് താരം അപ്പോസ്തോലോസ് ജിയാനോയുടെയും മുന്നേറ്റ നിരയിലെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മത്സരഫലത്തെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. പുതിയ സീസണിൽ മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ അവർ പ്രാപ്തരാണ്. അന്താരാഷ്ട്ര വേദികളിലും അവർക്ക് മികച്ച അനുഭവപരിചയമുണ്ട്, ”ലൂണ പറഞ്ഞു.
Adrian Luna left the fans in awe with this belter of a goal in the #HeroISL 2021-22 semi-final exactly 4️⃣ months back!#KBFCJFC #LetsFootball #AdrianLuna #KeralaBlasters pic.twitter.com/5xF7TtTJwe
— Indian Super League (@IndSuperLeague) July 16, 2022
“ഉക്രെയ്ൻ താരം ഇവാൻ കല്യൂസ്നി ടീമിലെത്തുന്നത് മധ്യനിരയുടെ കരുത്ത് വർധിപ്പിക്കും. മധ്യനിരയിലും മുന്നേറ്റനിരയിലും മികച്ച വിദേശ താരങ്ങൾ ഉള്ളത് ടീമിന് കരുത്ത് കൂട്ടി. 2022-2023 സീസണിൽ കഴിഞ്ഞ സീസണിനേക്കാൾ മികച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കുള്ളത്. ബാക്കി എല്ലാം, കാത്തിരുന്ന് കാണാം, ”മിഡ്ഫീൽഡർ കൂട്ടിച്ചേർത്തു.“വരാനിരിക്കുന്ന 2022 – 2023 സീസൺ വളരെക്കാലത്തിന് ശേഷം ISL പ്രേക്ഷകർക്ക് മുന്നിൽ നേരിട്ട് എത്തും. ഫുട്ബോളിന്റെ ജീവിതം ആരാധകരാണ്, അവരില്ലാതെ കളി ഒരിക്കലും പൂർത്തിയാകില്ല. നിറഞ്ഞ ഗാലറിയിൽ നിന്നുയരുന്ന ശബ്ദം കളിക്കാരുടെ സിരകളിൽ തീപിടിപ്പിക്കും. മത്സര സമയത്ത് പിന്തുണ ഏറ്റവും ആവശ്യമാണ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകർ ഇക്കാര്യത്തിൽ മികച്ച പിന്തുണയാണ് നൽകുന്നത്, ”അദ്ദേഹം പറഞ്ഞു.
Adrian Luna and mind-boggling goals go hand in hand 🤝🔥
— Indian Super League (@IndSuperLeague) March 19, 2022
Here’s a look at some of the best moments from Luna’s #HeroISL 2021-22 season so far! 🥵#HFCKBFC #LetsFootball #AdrianLuna #KeralaBlasters | @KeralaBlasters pic.twitter.com/EX1MZMHrk3
ഹീറോ ഐഎസ്എൽ 2022-23 സീസണിന്റെ സീസൺ ഓപ്പണർ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈസ്റ്റ് ബംഗാളിനെയാണ് നേരിടുക.“സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈസ്റ്റ് ബംഗാൾ ക്ലബ്ബിനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഞങ്ങളുടെ മനസ്സിലില്ല. വിജയത്തോടെ സീസൺ തുടങ്ങുകയാണ് ടീമിന്റെ ലക്ഷ്യം. ഈസ്റ്റ് ബംഗാൾ മികച്ച ടീമാണ്, ”ലൂണ പറഞ്ഞു.തന്റെ കളിയുടെ കൊടുമുടിയിൽ നിൽക്കുന്ന ലൂണയ്ക്കൊപ്പം, കഴിഞ്ഞ വർഷത്തെ പെർഫോർമാൻസ് ആവർത്തിക്കാനുള്ള എല്ലാ ഫയർ പവറും വുക്കോമാനോവിച്ചിന്റെ ആയുധപ്പുരയിലുണ്ട്.