ലോകത്തിലെ ഏറ്റവും മികച്ച താരമാണ് എന്നെക്കുറിച്ച് സംസാരിച്ചത്, അതിൽപ്പരം മറ്റെന്തു വേണം? തിയാഗോ അൽമാഡ പറയുന്നു

ഈ സീസണിൽ എംഎൽഎസിൽ തകർപ്പൻ പ്രകടനം നടത്തുന്നതിന്റെ ഫലമായാണ് യുവ സൂപ്പർ താരം തിയാഗോ അൽമാഡക്ക് അർജന്റീനയുടെ സീനിയർ ടീമിലേക്കുള്ള വിളി വന്നത്. കഴിഞ്ഞ ഹോണ്ടുറാസിനെതിരെയുള്ള മത്സരത്തിൽ താരം അർജന്റീനക്ക് വേണ്ടി അരങ്ങേറുകയും ചെയ്തിരുന്നു.സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം കളം പങ്കിടാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തിരുന്നു.

ആ മത്സരത്തിനു ശേഷം ലയണൽ മെസ്സി തിയാഗോയെ വളരെയധികം പ്രശംസിച്ചിരുന്നു. മെസ്സി പറഞ്ഞത് ഇങ്ങനെയായിരുന്നു.’ തിയാഗോ വളരെയധികം ഫ്രഷാണ്.വളരെ വേഗതയുള്ള താരമാണ്.വൺ ഓൺ വൺ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണം എന്നറിയുന്ന താരമാണ് അദ്ദേഹം. വളരെ ധൈര്യമുള്ളവനാണ് തിയാഗോ. അദ്ദേഹം ഒന്നിനെയും പേടിക്കുന്നില്ല ‘ ഇതായിരുന്നു മെസ്സി തിയാഗോ അൽമാഡയെ കുറിച്ച് പറഞ്ഞിരുന്നത്.

ഇതിനോടിപ്പോൾ തിയാഗോ തന്നെ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. അതായത് ലോകത്തിലെ ഏറ്റവും മികച്ച താരമാണ് തന്നെക്കുറിച്ച് സംസാരിച്ചതെന്നും ഇതിൽപരം വലിയ സന്തോഷം മറ്റേതുണ്ടെന്നുമാണ് തിയാഗോ പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഈ രൂപത്തിലാണ്.

‘ എല്ലാവരെയും ട്രീറ്റ് ചെയ്യുന്ന പോലെ തന്നെയാണ് മെസ്സി നമ്മളെയും ട്രീറ്റ് ചെയ്യുക.തീർച്ചയായും അത് നമ്മെ ശാന്തരാക്കുന്നു.അദ്ദേഹം പറഞ്ഞ വാക്കുകൾ എനിക്ക് വലിയ സന്തോഷമാണ് നൽകിയിട്ടുള്ളത്. കാരണം ലോകത്തിലെ ഏറ്റവും മികച്ച താരമാണ് എന്നെക്കുറിച്ച് സംസാരിച്ചത്. അതിൽപരം വലിയ സന്തോഷം മറ്റേതുണ്ട്? പക്ഷേ ഞാൻ ഇനിയും ഒരുപാട് വർക്ക് ചെയ്യേണ്ടതുണ്ട് എന്നെനിക്കറിയാം. ഞാൻ ഒരിക്കലും തൃപ്തിയാവുകയില്ല ‘ ഇതാണ് തിയാഗോ പറഞ്ഞിട്ടുള്ളത്.

അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരം നിലവിൽ എംഎൽഎസ് ക്ലബ്ബായ അറ്റ്ലാൻഡ യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീന ടീമിൽ ഇടം നേടാൻ താരത്തിന് കഴിയുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.