മെസിയെ നിലനിർത്താൻ പരിശ്രമിക്കുന്നത് തന്റെ ലക്ഷ്യമല്ലെന്ന് ബാഴ്സലോണ പ്രസിഡന്റ് മത്സരാർത്ഥി
എല്ലാ പരിശ്രമവും നടത്തി മെസിയെ ബാഴ്സലോണയിൽ നിലനിർത്തുക തന്റെ ലക്ഷ്യമല്ലെന്ന് ബാഴ്സലോണയുടെ പ്രസിഡൻറ് മത്സരാർത്ഥിയായ പെരെ റിയേറ. ബർട്ടമൂ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് ഡിസംബറിലോ ജനുവരിയിലോ നടക്കുന്ന ഇലക്ഷനിൽ മത്സരിക്കുന്നതിനുള്ള തീരുമാനം അറിയിച്ച അദ്ദേഹം സ്പാനിഷ് മാധ്യമമായ മാർക്കയോട് സംസാരിക്കുമ്പോഴാണ് ക്ലബിൽ തുടരണോ വേണ്ടയോയെന്നത് മെസിയുടെ താൽപര്യമാണെന്നു വ്യക്തമാക്കിയത്.
“എന്റെ അഭിപ്രായത്തിൽ മെസി ബാഴ്സക്കൊപ്പമാണു തുടരേണ്ടത്, ചരിത്രത്തിനൊപ്പമല്ല. അതാർക്കും ഗുണം ചെയ്യുകയുമില്ല. എന്തു തന്നെയായാലും തന്റെ ഭാവി തീരുമാനിക്കേണ്ടതു മെസിയാണ്. താരത്തിനു ബാഴ്സ വിടാൻ താൽപര്യമുണ്ടായിരുന്നു എന്നതെനിക്കു സംശയമാണ്. മെസിയെ നിലനിർത്താൻ ഏതറ്റം വരെയും പോകാൻ ഞാൻ ഒരുക്കമല്ല.” അദ്ദേഹം പറഞ്ഞു.
Pere Riera: I wouldn't pull out all the stops for Messi https://t.co/0Q6Eqhb8vI #Messi #barcelona | SportMob pic.twitter.com/hbUHMyDfuV
— SportMob (@SportMobApp) November 3, 2020
മുൻ പ്രസിഡൻറ് ബർട്ടമൂവിനെതിരെ രൂക്ഷവിമർശനം നടത്തി മെസി സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ആരാധകരോഷം വ്യാപകമായതും രാജി വെക്കേണ്ടി വന്നതും. ബർട്ടമോ സ്ഥാനമൊഴിഞ്ഞതോടെ മെസി കരാർ പുതുക്കാൻ സാധ്യത വർദ്ധിച്ചതിന്റെ ആശ്വാസത്തിൽ ആരാധകർ നിൽക്കുമ്പോഴാണ് റിയേരയുടെ പ്രതികരണം.
അതേ സമയം റിയേര പറഞ്ഞത് അദ്ദേഹത്തിനു പ്രസിഡന്റാകാനുള്ള സാധ്യതകളെ കുറക്കുന്നുണ്ട്. പ്രസിഡന്റാകുമെന്നു പ്രതീക്ഷിക്കുന്ന ഫോണ്ട് മെസിയുടെ കരാർ പുതുക്കി മുൻ ഇതിഹാസങ്ങളെ തിരിച്ചെത്തിക്കണമെന്ന പക്ഷക്കാരനാണ്. എന്തായാലും മെസിയുടെ ബാഴ്സലോണ ഭാവി നിർണയിക്കുക ഈ ഇലക്ഷനായിരിക്കും.