കരാർ പുതുക്കാൻ റാമോസിനെ സമീപിക്കാതെ റയൽ, താരം ക്ലബ്ബിന് പുറത്തേക്കോ?
അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡിന്റെ നായകൻ സെർജിയോ റാമോസ്. നിലവിലുള്ള താരത്തിന്റെ കരാർ ഈ സീസണിന്റെ അവസാനത്തോട് കൂടി പൂർത്തിയാവും. മുപ്പത്തിനാലുകാരനായ താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എന്നായിരുന്നു സ്പാനിഷ് മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാലിപ്പോഴിതാ ഈ കാര്യത്തിൽ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് മറ്റൊരു സ്പാനിഷ് മാധ്യമം. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ റാമോസിനെ റയൽ മാഡ്രിഡ് സമീപിക്കുകയോ പുതിയൊരു ഓഫർ മുന്നോട്ട് വെക്കുകയോ ചെയ്തിട്ടില്ല എന്നാണ് സ്പാനിഷ് മാധ്യമമായ ഡിപോർട്ടസ് കുവാട്രോ പുറത്തു വിട്ടിരിക്കുന്നത്. ജനുവരി ട്രാൻസ്ഫർ ആരംഭിക്കാനിരിക്കെ താരത്തിന്റെ കാര്യത്തിൽ ഇതുവരെ റയൽ മാഡ്രിഡ് ഒരു തീരുമാനവും കൈകൊണ്ടിട്ടില്ല.
Real Madrid have not offered captain Sergio Ramos a new contract https://t.co/GZj0kAJF65
— footballespana (@footballespana_) November 4, 2020
മുപ്പത്തിനാലുകാരനായ താരത്തിന് ഈ ജനുവരിയിൽ ഏതെങ്കിലും ക്ലബുമായി പ്രീ അഗ്രിമെന്റിൽ എത്താൻ സാധിക്കും. താരത്തിന് പുതിയ ഓഫറൊന്നും റയൽ മാഡ്രിഡ് നൽകാത്ത പക്ഷം തീരുമാനം കൈകൊള്ളേണ്ടത് റാമോസ് തന്നെയാണ്. റയൽ മാഡ്രിഡിനെ അലട്ടുന്ന പ്രധാനപ്രശ്നം എന്തെന്നാൽ എത്ര വർഷത്തേക്ക് താരത്തിന്റെ കരാർ പുതുക്കണം എന്നാണ്. ഒരു വർഷത്തേക്കോ അതോ രണ്ട് വർഷത്തേക്കോ എന്നാണ് റയൽ മാഡ്രിഡ് നിലവിൽ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ഓഫറുമായി സമീപിക്കാൻ വൈകുന്നത് എന്നാണ് സ്പാനിഷ് മാധ്യമത്തിന്റെ വാദം. പക്ഷെ റാമോസ് കരാർ പുതുക്കുമെന്ന് തന്നെയാണ് ആരാധകരും പ്രതിനിധികളും ഉറച്ചു വിശ്വസിക്കുന്നത്.
താരം ക്ലബ് പ്രസിഡന്റ് പേരെസുമായി ഇക്കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. റാമോസ് കരാർ പുതുക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് പരിശീലകൻ സിദാൻ പ്രസ്താവിച്ചിരുന്നു. നിലവിൽ റയൽ മാഡ്രിഡിന്റെ അവിഭാജ്യഘടകമാണ് റാമോസ്. കഴിഞ്ഞ ദിവസം ഗോൾ നേടിയതോടെ റയൽ മാഡ്രിഡിന് വേണ്ടി നൂറ് ഗോളുകൾ താരം പൂർത്തിയാക്കിയിരുന്നു.