നാണക്കേടിന്റെ കണക്കുകൾ, കരിയറിലെ ഏറ്റവും മോശം ഫോമിൽ ലയണൽ മെസി
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ വിടാനാഗ്രഹിച്ച മെസിയെ നിർബന്ധപൂർവ്വം ക്ലബിൽ നിലനിർത്തിയതിന്റെ ഫലമാണോ എന്നറിയില്ല, താരത്തിന്റെ ഫോമിൽ മുൻപെങ്ങുമില്ലാത്ത ഇടിവാണ് കണ്ടു കൊണ്ടിരിക്കുന്നത്. ക്ലബ് വിടാൻ അനുവദിക്കാതിരുന്നതും ഉറ്റ സുഹൃത്തുക്കളായിരുന്ന താരങ്ങൾ ക്ലബ് വിട്ടതും പുതിയ ശൈലിയിൽ വേണ്ടത്ര സ്വാതന്ത്രം ലഭിക്കാത്തതുമെല്ലാം മോശം ഫോമിന്റെ കാരണമാണെങ്കിലും ആരാധകർക്കത് വലിയ ആശങ്കയാണ്.
നിലവിൽ നാലു ഗോളുകൾ ബാഴ്സലോണ നായകൻ സീസണിൽ ഇതുവരെ നേടിയിട്ടുണ്ടെങ്കിലും അതെല്ലാം പെനാൽട്ടിയിലൂടെയാണ്. ഓപ്പൺ പ്ലേയിൽ നിന്നും ഇതുവരെ ഗോൾ കണ്ടെത്താൻ താരത്തിനു കഴിഞ്ഞിട്ടില്ല. ഒരു മത്സരത്തിൽ 4.6 ഷോട്ടുകൾ എന്ന കണക്കിൽ ഇതുവരെ നാൽപതു ഷോട്ടുകൾ ഗോളിലേക്കുതിർത്താണ് ഒരെണ്ണം പോലും വലയിലെത്തിക്കാൻ മെസിക്കു കഴിയാതിരുന്നതെന്നത് നാണക്കേടിന്റെ ആഴം വർദ്ധിപ്പിക്കുന്നു.
Is is because of Koeman's tactics? 🤔https://t.co/E2kMclLBct
— SPORTbible (@sportbible) November 5, 2020
താരം നിലവിലെ മോശം ഫോമിനെ മറികടക്കുമെന്ന് ആരാധകർ ഓരോ മത്സരത്തിനു മുൻപും കരുതുമെങ്കിലും അതിതു വരെ നടന്നിട്ടില്ല. കരിയറിൽ ആദ്യമായിട്ടായിരിക്കും ഇത്രയും ദുരന്തമായ ഒരു കാലഘട്ടം മെസിക്ക് ഉണ്ടായിട്ടുണ്ടാവുക. ഗോളുകൾ നേടുന്നില്ലെങ്കിലും പല മത്സരത്തിലും മെസി മികച്ച പ്രകടനം നടത്തുന്നത് മാത്രമാണ് ആരാധകർക്ക് ആശ്വാസം.
മെസിയുടെ മോശം ഫോം ബാഴ്സയുടെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. ലാലിഗയിൽ ഏതു ടീമിനും പിടിച്ചു കെട്ടാമെന്ന അവസ്ഥയിലുള്ള ബാഴ്സലോണ നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ റയൽ ബെറ്റിസിനെ നേരിട്ട് വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്ലബിന്റെ സ്ഥിതി അതീവ ദയനീയമായിരിക്കും.