പോഗ്ബയെ ഒഴിവാക്കണം, അപ്രതീക്ഷിത നീക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഫ്രഞ്ച് മധ്യനിര താരമായ പോൾ പോഗ്ബയെ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാനുറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം പോഗ്ബ നടത്തുന്ന പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരിക്കെ താരത്തിന്റെ ട്രാൻസ്ഫർ ഫീസ് മാഞ്ചസ്റ്റർ യുണൈറ്റഡ് കുറച്ചുവെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സ്പാനിഷ് മാധ്യമം എഎസ് ആണ് ഇക്കാര്യം പുറത്തു വിട്ടത്.

ഫോർ ഫോർ ടുവിനെ അടിസ്ഥാനമാക്കിയാണ് എഎസ് പോഗ്ബയുടെ ട്രാൻസ്ഫർ ഫീസ് കുറച്ച വിവരം വെളിപ്പെടുത്തിയത്. 2022 വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറുള്ള താരത്തിന്റെ ട്രാൻസ്ഫർ ഫീസ് അറുപതു മില്യണാക്കിയാണ് കുറച്ചിരിക്കുന്നത്. ഇതുവഴി താരത്തിനായി മികച്ച ഓഫറുകൾ സമ്മറിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മോശം പ്രകടനം നടത്തുമ്പോൾ ടീമിനെ ഉയർത്തിയെടുക്കാൻ കഴിയാത്ത പോഗ്ബയും കളിക്കളത്തിൽ പതറുകയാണ്. പലപ്പോഴും ആദ്യ ഇലവനിൽ പോലും ഇടം ലഭിക്കുന്നില്ലെന്ന അവസ്ഥയാണു താരത്തിന്റേത്. ഇതേത്തുടർന്ന് നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരത്തിനും ക്ലബ് വിടാൻ ആഗ്രഹമുണ്ടാകുമെന്നു തീർച്ചയാണ്.

നിലവിൽ റയൽ മാഡ്രിഡും യുവന്റസുമാണ് പോഗ്ബയെ സ്വന്തമാക്കാൻ രംഗത്തുള്ളത്. സിദാനു പോഗ്ബയിൽ വളരെയധികം താൽപര്യമുണ്ടെങ്കിലും പെരസിന്റെ താൽപര്യക്കുറവ് ട്രാൻസ്ഫർ നീക്കങ്ങളിൽ തിരിച്ചടിയാണ്. അതേസമയം യുവന്റസ് ഇരുകയ്യും നീട്ടിയാണു താരത്തിന്റെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നത്.