അലബക്കു വേണ്ടി മത്സരം മുറുകുന്നു, താരം ആഗ്രഹിക്കുന്നത് രണ്ടു ക്ലബുകളെ

ബയേൺ മ്യൂണിക്ക് പ്രതിരോധ താരമായ ഡേവിഡ് അലബയുമായി കരാർ പുതുക്കാനുള്ള ഓഫറുകൾ പിൻവലിച്ചുവെന്ന ക്ലബ് നേതൃത്വത്തിന്റെ വെളിപ്പെടുത്തലിൽ ലഡു പൊട്ടിയത് യൂറോപ്പിലെ വമ്പൻ ക്ലബുകൾക്കാണ്. ഇരുപത്തിയെട്ടുകാരനായ ഓസ്ട്രിയൻ താരത്തിനു വേണ്ടി മത്സരിക്കുകയാണ് യൂറോപ്പിലെ വമ്പന്മാരിപ്പോൾ. ജനുവരിയിൽ തന്നെ താരത്തെ സ്വന്തമാക്കാനാണ് ക്ലബുകൾ ശ്രമിക്കുന്നത്.

സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, പിഎസ്ജി, യുവൻറസ് എന്നീ ക്ലബുകൾ കൂടി താരത്തിനായി രംഗത്തു വന്നിട്ടുണ്ട്. ഒന്നുകിൽ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ സ്വന്തമാക്കുക, അല്ലെങ്കിൽ അടുത്ത സമ്മറിൽ അലബയെ ടീമിലെത്തിക്കുന്നത് ഉറപ്പാക്കാനുള്ള പ്രീ കോൺട്രാക്ട് എഗ്രിമെൻറ് ഒപ്പിടിക്കുക എന്നാണ് ക്ലബുകളുടെ ലക്ഷ്യം.

എന്നാൽ ബയേൺ താരത്തിന്റെ ലക്ഷ്യം സ്പെയിനാണെന്നാണ് ജർമൻ മാധ്യമമായ സ്പോർട് ബിൽഡിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാഴ്സലോണയോ റയൽ മാഡ്രിഡോ ഓഫറുമായി സമീപിച്ചാൽ താരം മുൻഗണന കൊടുക്കുക അതിനായിരിക്കും. ഇത്രയും മികച്ച താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ലഭിക്കുന്നത് റയലും ബാഴ്സയും വേണ്ടെന്നു വക്കാൻ സാധ്യതയില്ല.

ലെഫ്റ്റ് ബാക്കായ അലബക്ക് സെന്റർ ബാക്ക്, സെൻറർ മിഡ്ഫീൽഡ് എന്നിങ്ങിനെയുള്ള പൊസിഷനുകളിൽ കളിക്കാൻ കഴിയും. 2008 മുതൽ ബയേൺ സീനിയർ ടീമിലുള്ള താരത്തിന്റെ വേതന വ്യവസ്ഥകൾ ബയേൺ അംഗീകരിക്കാത്തതിനെ തുടർന്നാണ് താരം ക്ലബ് വിടാനൊരുങ്ങുന്നത്.