ട്രാൻസ്ഫർ മാർക്കറ്റിൽ ബാഴ്സയുടെ പുതിയ നീക്കം, ഇത്തവണ നോട്ടമിട്ടിരിക്കുന്നത് ടോട്ടൻഹാം താരത്തെ.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ മധ്യനിര ശക്തിപ്പെടുത്താൻ വേണ്ടി നോട്ടമിട്ട താരങ്ങളിൽ ഒരാളായിരുന്നു ഗിനി വിനാൾഡം. ഈ ഡച്ച് താരത്തെ ടീമിൽ എത്തിക്കാൻ ബാഴ്‌സ നന്നായി ശ്രമിച്ചുവെങ്കിലും താരം ഒടുവിൽ ലിവർപൂളിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ മധ്യനിരയിലേക്ക് പുതിയ താരത്തെ എത്തിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞില്ല.

എന്നാൽ വരുന്ന ട്രാൻസ്ഫറുകളിൽ ബാഴ്സ വെറുതെയിരിക്കാൻ ഒരുക്കമല്ല എന്നാണ് വാർത്തകൾ. ടോട്ടൻഹാമിന്റെ മധ്യനിര താരമായ ടാൻഗെയ് ഡോമ്പലെയെയാണ് കറ്റാലൻമാർ ഇപ്പോൾ കണ്ടുവെച്ചിരിക്കുന്നത്. ലിവർപൂളിന്റെ വിനാൾഡം ബാഴ്‌സയിലേക്ക് വരാൻ വിസമ്മതിച്ചാലാണ് ഡോമ്പലെയെ ബാഴ്സ ക്ലബ്ബിൽ എത്തിക്കുക. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനൊയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ഫ്രഞ്ച് താരമായ ഡോമ്പലെ നിലവിൽ ടോട്ടൻഹാമിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. ഹോസെ മൊറീഞ്ഞോ പരിശീലകനായി എത്തിയ ശേഷം താരത്തിന് അത്ര നല്ല കാലമല്ല. ഈ പ്രീമിയർ ലീഗിൽ അഞ്ച് മത്സരങ്ങളാണ് താരത്തിന് കളിക്കാൻ സാധിച്ചത്. ഈ സീസണിൽ ഡാനിഷ് താരമായ പിയറേ എമിലി ഹോജ്ബെർഗിനെ മൊറീഞ്ഞോ സൈൻ ചെയ്തതും ഡോമ്പലെക്ക് വെല്ലുവിളിയായി.

2019-ൽ ലിയോണിൽ നിന്നായിരുന്നു 62 മില്യൺ യൂറോക്ക് താരം പ്രീമിയർ ലീഗിൽ എത്തിയത്. ഇരുപത്തിമൂന്നുകാരനായ ഡോമ്പലെ ടീമിൽ എത്തിക്കാനുള്ള വഴികൾ ബാഴ്‌സ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. നാല്പത് മില്യൺ യൂറോയെങ്കിലും ലഭിക്കണം എന്നാണ് ടോട്ടൻഹാമിന്റെ ഭാഗം. പക്ഷെ ഈ സാമ്പത്തികപ്രതിസന്ധിയിൽ ബാഴ്സ ഇതിന് തയ്യാറാവുമോ എന്ന് നോക്കി കാണേണ്ടിയിരിക്കുന്നു.

Rate this post