റയൽ മാഡ്രിഡിനെ തഴഞ്ഞു കൊണ്ട് ബാഴ്സയെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ഡാനി ആൽവെസ്.
കിരീടങ്ങളും ബഹുമതികളും വാരിക്കൂട്ടിയ പെപ് ഗ്വാർഡിയോളയുടെ ബാഴ്സലോണയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ബ്രസീലിയൻ റൈറ്റ് ബാക്ക് ഡാനി ആൽവസ്.2002 മുതൽ 2008 വരെ സെവിയ്യക്ക് വേണ്ടി കളിച്ച താരം പിന്നീട് എഫ്സി ബാഴ്സലോണയിലേക്ക് കൂടുമാറുകയായിരുന്നു.
ആ തീരുമാനത്തിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ആൽവെസ്. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ ആർഎസി വണ്ണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സെവിയ്യയിൽ ആയിരുന്നു കാലത്ത് ബാഴ്‌സയുടെ ചിരവൈരികളായ റയൽ മാഡ്രിഡിൽ നിന്നും തനിക്ക് ഓഫർ വന്നിരുന്നുവെന്നും എന്നാൽ അത് നിരസിച്ചു കൊണ്ട് താൻ ബാഴ്‌സലോണയെ തിരഞ്ഞെടുക്കുകയുമായിരുന്നു എന്നാണ് ആൽവെസ് പറഞ്ഞത്. തന്റെ ഹൃദയം തന്നോട് പറഞ്ഞത് കൊണ്ടാണ് താൻ ബാഴ്‌സയെ തിരഞ്ഞെടുത്തത് എന്നാണ് ഈ ബ്രസീലിയൻ താരം പറഞ്ഞത്.
🗣 "I had an offer…"@DaniAlvesD2 has revealed how close he came to joining @realmadriden
— MARCA in English (@MARCAinENGLISH) November 7, 2020
👀https://t.co/pRLXWc9X7B pic.twitter.com/b5CLehgBRv
” ഞാൻ സെവിയ്യയിൽ ആയിരുന്ന കാലത്ത് എനിക്ക് റയൽ മാഡ്രിഡിൽ നിന്നും ഓഫർ വന്നിരുന്നു. റയൽ മാഡ്രിഡ് ഒരു വലിയ ക്ലബാണ് എന്ന് എനിക്കറിയാമായിരുന്നു. ഏതായാലും എന്റെ ഹൃദയം എന്നോട് എന്താണോ പറഞ്ഞത് അതിനെ തിരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ എഫ്സി ബാഴ്സലോണയെ തിരഞ്ഞെടുത്തു ” ആൽവെസ് പറഞ്ഞു. തനിക്ക് അനുയോജ്യമായ ക്ലബ് ബാഴ്‌സയാണെന്ന് മനസ്സിലാക്കിയ താരം പിന്നീട് ബാഴ്‌സയിലേക്ക് ചേക്കേറുകയായിരുന്നു.
2008 മുതൽ 2016 വരെയാണ് ആൽവെസ് ബാഴ്‌സ ജേഴ്സി അണിഞ്ഞത്. ആ കാലയളവിൽ 391 മത്സരങ്ങൾ കളിച്ച താരം 21 ഗോളുകളും 101 അസിസ്റ്റുകളും ഇരുപത്തിയൊന്ന് കിരീടങ്ങളും ബാഴ്‌സയോടൊപ്പം സ്വന്തം പേരിലാക്കിയിട്ടുണ്ട്. അതിന് ശേഷം ക്ലബ് വിട്ട താരം പിന്നീട് യുവന്റസ്, പിഎസ്ജി, സാവോ പോളോ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചു. താൻ ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചിരുവെന്നും എന്നാൽ ബാഴ്‌സ അതിന് സമ്മതിച്ചില്ലെന്നും ആൽവെസ് ഈ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.