വിമർശനങ്ങൾ ഒഴിയാബാധയായാൽ ലാലിഗ കൈവിട്ടു പോവും, തുറന്നടിച്ച് ബാഴ്സ പരിശീലകൻ

ലാലിഗയിൽ കൂമാന്റെ ബാഴ്സക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നിലവിൽ പന്ത്രണ്ടാം സ്ഥാനത്തു തുടരുന്ന ബാഴ്സക്ക് കളിച്ച 6 മത്സരങ്ങളിൽ രണ്ടു വിജയം മാത്രമാണ് നേടാനായത്. പ്രധാനമത്സരമായ എൽ ക്ലാസിക്കോയിൽ സ്വന്തം തട്ടകമായ ക്യാമ്പ് നൂവിൽ തോൽവിയും രുചിക്കേണ്ടി വന്നിരുന്നു. നിലവിൽ ബാഴ്സയ്ക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ തുടന്നടിച്ചിരിക്കുകയാണ് ബാഴ്സ പരിശീലകൻ കൂമാൻ.

വിമർശനം ഒരു ഒഴിയാബാധയായി എപ്പോഴും തുടരുന്നത് ലാലിഗ കിരീടനേട്ടത്തിനെ ബാധിക്കുമെന്നാണ് കൂമാന്റെ പക്ഷം. വിമര്ശനങ്ങൾക്കായി ബാഴ്സ താരങ്ങളെ ലക്ഷ്യം വെക്കുന്നതിനോടും കൂമാൻ കടുത്ത എതിർപ്പ് ചൂണ്ടിക്കാണിക്കുന്നു. ഇതു തുടരുകയാണെങ്കിൽ ലാലിഗ നേടാൻ വളരെ ബുദ്ദിമുട്ടാവുമെന്നും കൂമാൻ വിമർശകർക്കെതിരെ തിരിച്ചടിച്ചു. ബെറ്റിസുമായുള്ള ഇന്നു നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾക്ക് മൂന്നു പോയിന്റ് ആണ് ഇപ്പോൾ ആവശ്യം. ഒപ്പം കുറച്ചു ശാന്തതയും. ഈ മത്സരം ജയിച്ചാലും അതു ശാന്തമാവുമെന്ന് തോന്നുന്നില്ല. എപ്പോഴും ഈ ക്ലബ്ബിനെ ചുറ്റിപ്പറ്റി എന്തെങ്കിലും ഒക്കെ സംഭവിച്ചു കൊണ്ടിരിക്കും. ബാഴ്സയെപ്പോലുള്ള ഒരു ടീം എപ്പോഴും പോയിന്റ് ടേബിളിൽ ഒന്നാമതായിരിക്കണം. ഒന്നാമതായാലും ഉണ്ടാവും വേറെ പല രീതിയിലുള്ള വിമർശനങ്ങൾ. എനിക്ക് വിമർശനങ്ങളെ ഉൾകൊള്ളാൻ കഴിയും എന്നാൽ നമ്മൾ അതു തന്നെ ഒരു ജോലിയാക്കി എടുക്കരുത്. “

“ഇതൊരു നീണ്ട സീസൺ ആണ്. ഓരോ മത്സരവും അതിന്റെതായ രീതിയിൽ എടുക്കാൻ സാധിക്കണം. ഇപ്പോഴത്തെ പ്രധാനപ്രശനം മധ്യനിരയിലാണുള്ളത്. അവിടെ കൂടുതൽ നിയന്ത്രണം കുറവാണു. പ്രതിരോധനിരയിലും പ്രശ്നങ്ങൾ കാണുന്നുണ്ട്. ഡൈനമോക്കെതിരെ കളിച്ചതിനേക്കാൾ മികച്ച രീതിയിൽ ബെറ്റിസിനെതിരെ കളിക്കേണ്ടതുണ്ട്. കൂടുതൽ ശ്രദ്ധയോടെ മുന്നേറാൻ മികച്ച രീതിയിൽ പരിശീലനം നടത്തുകയാണ് ഞങ്ങളിപ്പോൾ ചെയ്യുന്നത്.” കൂമാൻ വ്യക്തമാക്കി

Rate this post