ഒരു രാജ്യമാണ് നിന്റെ പിറകിൽ നിൽക്കുന്നത്, അർജന്റൈൻ ടീമിലെ ലൗറ്ററോ മാർട്ടിനെസിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഹിഗ്വയ്‌ൻ പറയുന്നു.

ഈ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിട്ടു കൊണ്ട് എംഎൽഎസ്സിലേക്ക് പോയ താരമാണ് അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വയ്‌ൻ. തുടക്കത്തിൽ എംഎൽഎസ്സിൽ മോശം പ്രകടനമായിരുന്നുവെങ്കിലും പിന്നീട് താരം പതിയെ താളം വീണ്ടെടുത്തിരുന്നു. ഏതായാലും ഒട്ടേറെ കാലം അർജന്റീനയുടെ ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞിരുന്ന താരമിപ്പോൾ അതിന്റെ ഉത്തരവാദിത്തങ്ങളെ പറ്റി വാചാലനായിരിക്കുകയാണിപ്പോൾ. അർജന്റീനയുടെ സൂപ്പർ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഹിഗ്വയ്‌ൻ.

ഒരുപാട് കഴിവുകളുള്ള താരമാണ് ലൗറ്ററോ എന്നാണ് ഹിഗ്വയ്നിന്റെ അഭിപ്രായം. ഭാവിയിൽ അർജന്റൈൻ ടീമിന് വേണ്ടി ഒരുപാട് നൽകാൻ ലൗറ്ററോ മാർട്ടിനെസിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ മാസം നടക്കുന്ന അർജന്റീനയുടെ മത്സരങ്ങൾക്ക് മുന്നോടിയായി ടിവൈസി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു താരം. അർജന്റീനക്ക് വേണ്ടി 71 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയ താരമാണ് ഹിഗ്വയ്‌ൻ. അതേസമയം ലൗറ്ററോയാവട്ടെ 19 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ ഇതുവരെ നേടിക്കഴിഞ്ഞു.

” ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉള്ള ജേഴ്സിയാണ് നമ്പർ നയൺ. എന്തെന്നാൽ അതിന് പിറകിൽ ഒരു രാജ്യം തന്നെയുണ്ട്. അത് ധരിക്കുന്നതിലുള്ള സന്തോഷം ഓരോ വ്യക്തിയെയും ആശ്രയിച്ചാണിരിക്കുന്നത്. എനിക്കതിനെ കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്നു. ലൗറ്ററോ മാർട്ടിനെസിന് മികച്ച രീതിയിൽ അത് കൈകാര്യം ചെയ്യാൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഞാൻ അദ്ദേഹത്തിൽ ഒരുപാട് കഴിവുകളെ കാണുന്നുണ്ട്. അദ്ദേഹം വളരെ ചെറുപ്രായത്തിൽ തന്നെ ഇന്റർ മിലാന് വേണ്ടി കളിച്ചു തുടങ്ങിയ ആളാണ്. അതത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല ” ഹിഗ്വയ്‌ൻ തുടരുന്നു.

” വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുക എന്നുള്ളത് സങ്കീർണമായ കാര്യമാണ്. പക്ഷെ അതൊരുപാട് പരിചയസമ്പത്ത് കൈവരാൻ സഹായകമാവും. നല്ല സാങ്കേതികമികവുള്ള താരമാണ് ലൗറ്ററോ. അർജന്റീന ടീമിന് വേണ്ടി ഭാവിയിൽ ഒരുപാട് നൽകാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. 24-ആം വയസ്സിൽ ഒരു താരത്തെ വിലയിരുത്തുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അദ്ദേഹത്തിന് മുന്നിൽ ഇനിയും ഒരുപാട് കരിയറുണ്ട് ” ഹിഗ്വയ്‌ൻ പറഞ്ഞു.

Rate this post