സിദാന്റെ മകനുമായി പ്രശ്നമുണ്ടാക്കി, റയൽ മാഡ്രിഡിൽ നിന്നും സൂപ്പർതാരം പുറത്തു പോയതിന്റെ കാരണമിതാണ്

റയൽ മാഡ്രിഡ് പരിശീലകനായ സിദാന്റെ മകനായ ലൂക്ക സിദാനുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ലെഫ്റ്റ് ബാക്കായ സെർജിയോ റിഗ്യുലോണിന് റയൽ മാഡ്രിഡ് വിടേണ്ടി വന്നതെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമം എൽ കോൺഫിഡൻഷ്യലിനെ അടിസ്ഥാനമാക്കി ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

കഴിഞ്ഞ സീസണിൽ സെവിയ്യയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച റിഗ്യുലോൺ ടീമിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്നു. സെവിയ്യ ലീഗിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യാനും യൂറോപ്പ ലീഗ് കിരീടം നേടാനും കാരണമായ താരത്തെ നിലനിർത്താതെ മുപ്പതു മില്യണിന്റെ ട്രാൻസ്ഫറിൽ ടോട്ടനത്തിനു നൽകുകയാണ് റയൽ ചെയ്തത്. ഇതിനു പിന്നിലെ യഥാർത്ഥ കാരണമിതാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സിദാനു കീഴിൽ റയൽ മാഡ്രിഡ് ബി ടീമിൽ റിഗ്യുലോൺ കളിച്ചിരുന്നു. ആ സമയത്ത് ലൂക്ക സിദാനും ടീമിന്റെ ഭാഗമായിരുന്നു. സിദാൻ രണ്ടാം തവണ റയൽ സീനിയർ ടീമിന്റെ സ്ഥാനമേറ്റെടുത്ത ആദ്യ മുഴുവൻ സീസണിൽ തന്നെ സ്പാനിഷ് താരത്തെ ലോണിൽ വിടുകയായിരുന്നു. അതിനു പിന്നാലെയാണ് ഈ സമ്മറിൽ റിഗ്യുലോണിനെ ടോട്ടനത്തിനു നൽകുകയും ചെയ്തത്. ഇതിനിടയിലുണ്ടായിരുന്ന പരിശീലകരുടെ കീഴിൽ മികച്ച പ്രകടനം റിഗ്യുലോൺ കാഴ്ച വെച്ചിരുന്നു.

അതേ സമയം റയൽ മാഡ്രിഡ് നേതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ റിഗ്യുലോണിനെ സ്ഥിരമായി നഷ്ടപ്പെടുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. താരത്തിന്റെ കരാറിൽ ബൈ ബാക്ക് ഉടമ്പടി റയൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റയലിലേക്കു തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷ സ്പാനിഷ് താരവും അടുത്തിടെ വ്യക്തമാക്കിയിരുന്നു.