പൊചെട്ടിനോ മാത്രമല്ല, ജർമനിയിൽ ചരിത്രം കുറിച്ച പരിശീലകനും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിൽ

ഈ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷയറിനു പകരക്കാരനായി ജർമൻ പരിശീലകനെ റെഡ് ഡെവിൾസ് നോട്ടമിടുന്നതായി റിപ്പോർട്ടുകൾ. ബുണ്ടസ് ലിഗ ക്ലബായ ആർബി ലീപ്സിഗിന്റെ പരിശീലകനായ ജൂലിയൻ നഗൽസ്മാനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ ഇഎസ്പിൻ റിപ്പോർട്ടു ചെയ്തു.

ആഴ്സനലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു പുറമേ താരതമ്യേനെ ദുർബലരായ ഇസ്താംബുൾ ബസക്സഹറിനെതിരെയും തോൽവി വഴങ്ങിയതാണ് സോൾഷയറിന്റെ പരിശീലക സ്ഥാനത്തിനു ഭീഷണിയുയർത്തുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ പതിനഞ്ചാം സ്ഥാനത്തുള്ള ടീമിന് ഈയാഴ്ച നടക്കുന്ന ഏവർട്ടണെതിരായ മത്സരത്തിലും വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.

വെറും മുപ്പത്തിമൂന്നു വയസു മാത്രം പ്രായമുള്ള നേഗൽസ്മാൻ ഹോഫൻഹേമിന്റെ പരിശീലകനായിരിക്കുമ്പോഴേ യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധ നേടിയിട്ടുള്ളയാളാണ്. കഴിഞ്ഞ സീസണിൽ ലിപ്സിഗിനെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ വരെയെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പിഎസ്ജിയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോറ്റാണ് പതിനൊന്നു വർഷം മാത്രം പഴക്കമുള്ള ലീപ്സിഗ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്.

യുണൈറ്റഡും ലീപ്സിഗും ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ജർമൻ ക്ലബ് അഞ്ചു ഗോളുകൾക്കു പരാജയപ്പെട്ടിരുന്നു. എന്നാൽ ജർമൻ പരിശീലകന്റെ കീഴിൽ യുണൈറ്റഡ് നേതൃത്വത്തിനു വിശ്വാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം അവരുടെ പ്രഥമലക്ഷ്യം മുൻ ടോട്ടനം പരിശീലകൻ പൊചെട്ടിനോ തന്നെയാണ്.

Rate this post