മെസ്സി പിഎസ്ജിയിലേക്ക്? വാർത്തകളോട് പ്രതികരിച്ച് മെസ്സിയുടെ പിതാവ്.
സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കഴിഞ്ഞ സമ്മറിൽ നിരവധി അഭ്യൂഹങ്ങളായിരുന്നു പരന്നിരുന്നത്. സൂപ്പർ താരം ബാഴ്‌സ വിടാൻ അനുവാദം ചോദിച്ച അന്ന് മുതൽ ബാഴ്സയിൽ തുടരുമെന്ന് പ്രഖ്യാപിക്കുന്നത് വരെ അഭ്യൂഹങ്ങൾക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, പിഎസ്ജി എന്നിവരായിരുന്നു താരത്തെ സ്വന്തമാക്കാൻ മുൻപന്തിയിൽ. ഇതുമായി ബന്ധപ്പെട്ടും നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചു.
ഈ ജനുവരി ട്രാൻസ്ഫർ അടുത്തത്തോടെ റൂമറുകൾ പഴയപോലെ വീണ്ടും ശക്തിയാർജ്ജിച്ചിരിക്കുകയാണ്. മെസ്സി ബാഴ്സയുമായി കരാർ പുതുക്കാത്തതിനാൽ മെസ്സിക്ക് ഇഷ്ടമുള്ള ക്ലബുമായി ഈ ജനുവരിയിൽ പ്രീ കോൺട്രാക്ടിൽ ഏർപ്പെടാൻ കഴിയും. അതിനാൽ തന്നെ മെസ്സി പിഎസ്ജിയിലേക്ക് കൂടുമാറുമെന്ന വാർത്ത കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്നു.മെസ്സിയെ സാമ്പത്തികമായി താങ്ങാൻ ശേഷിയുള്ള ക്ലബുകളിൽ ഒന്നാണ് പിഎസ്ജി. അതിനാൽ തന്നെ താരം സുഹൃത്തായ നെയ്മറിനൊപ്പം ചേരാൻ പിഎസ്ജിയിലേക്ക് ചേക്കേറുമെന്നായിരുന്നു വാർത്തകൾ.
Lionel Messi's father speaks out on link to Paris Saint-Germain https://t.co/io5q4Q5Wlw
— footballespana (@footballespana_) November 11, 2020
എന്നാൽ ഈ വാർത്തകളെ തീർത്തും തള്ളികളഞ്ഞിരിക്കുകയാണ് മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ആവിശ്യപ്പെട്ടത്. ” കാര്യങ്ങൾ പുതുതായി കണ്ടെത്തുന്നത് നിർത്തൂ. അതെല്ലാം വ്യാജവാർത്തകളാണ് ” എന്നാണ് മെസ്സിയുടെ പിതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതോടൊപ്പം തന്നെ ഇഎസ്പിഎന്നിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിഎസ്ജി ടീമിലെത്തിക്കാൻ സാധ്യതയുണ്ട് എന്ന സൂചനകൾ സ്പോർട്ടിഗ് ഡയറക്ടറായ ലിയനാർഡോ സൂചിപ്പിച്ചിരുന്നു. അടുത്ത സമ്മറിൽ റൊണാൾഡോയെ യുവന്റസ് വിൽക്കാൻ തീരുമാനിച്ചാൽ ഒരുപക്ഷെ പിഎസ്ജിയും രംഗത്തുണ്ടാവും. ഫുട്ബോൾ ലോകത്ത് എന്ത് വേണമെങ്കിലും സംഭവിക്കാമെന്നാണ് ലിയനാർഡോ ഇതേ കുറിച്ച് പറഞ്ഞത്.