പകരക്കാരനായി വന്നിട്ടും ഗോൾനേട്ടം, ആ അപൂർവറെക്കോർഡിലേക്ക് അതിവേഗം കുതിച്ച് ക്രിസ്റ്റ്യാനോ.

യുവേഫ നേഷൻസ് ലീഗിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ പോർച്ചുഗല്ലിന് തകർപ്പൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് പറങ്കിപ്പട അണ്ടോറയെ തകർത്തു വിട്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള പോർച്ചുഗീസ് താരങ്ങൾ അണ്ടോറയുടെ വലകുലുക്കുകയായിരുന്നു. മത്സരത്തിൽ എതിരാളികൾക്ക്‌ ഒരവസരവും നൽകാത്ത പറങ്കിപ്പടയുടെ യുവനിര മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്.

പോർച്ചുഗലിന് വേണ്ടി പൗളിഞ്ഞോ ഇരട്ടഗോളുകൾ നേടിയപ്പോൾ പെഡ്രോ നെറ്റോ, റെനാറ്റോ സാഞ്ചസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാവോ ഫെലിക്സ് എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. ഒരു ഗോൾ അണ്ടോറ താരം എമിലി ഗാർഷ്യയുടെ സംഭാവനയായിരുന്നു. നേഷൻസ് ലീഗിനൊരുങ്ങുന്ന പോർച്ചുഗല്ലിന് ഈ തകർപ്പൻ ജയം ആത്മവിശ്വാസം പകരും. ഫ്രാൻസ്, ക്രോയേഷ്യ എന്നിവരാണ് ഇനി പോർച്ചുഗല്ലിന്റെ എതിരാളികൾ.

അതേസമയം ഇന്നലത്തെ ഗോൾ നേട്ടത്തോട് കൂടി ആ അപൂർവറെക്കോർഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ അതിവേഗം കുതിക്കുകയാണ്. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇറാനിന്റെ അലി ദായിയുടെ പേരിലാണ്. 109 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇന്നലത്തെ ഗോൾ നേട്ടത്തോട് കൂടി റൊണാൾഡോയുടെ സമ്പാദ്യം 102 ഗോളുകളായി മാറിയിട്ടുണ്ട്. ഇനി ഏഴ് ഗോളുകൾ കൂടി നേടിയാൽ ഈ നേട്ടത്തിനൊപ്പമെത്താൻ ക്രിസ്റ്റ്യാനോക്ക്‌ സാധിച്ചേക്കും.

ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോക്ക്‌ പരിശീലകൻ ആദ്യ ഇലവനിൽ സ്ഥാനം നൽകിയിരുന്നില്ല. തുടർന്ന് രണ്ടാം പകുതിയിൽ പെഡ്രോക്ക്‌ പകരമായാണ് ക്രിസ്റ്റ്യാനോ കളത്തിലെത്തിയത്. 85-ആം മിനുട്ടിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. ഏതായാലും അലി ദായിയുടെ റെക്കോർഡിലേക്ക് അതിവേഗം കുതിക്കുകയാണ് റൊണാൾഡോ.