റയൽ മാഡ്രിഡിനെ യൂറോപ്പ ലീഗിൽ നേരിടേണ്ടി വരുമോ? മാധ്യമപ്രവർത്തകനോട് വായടക്കാൻ പറഞ്ഞ് മുൻ താരം.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡ്‌ പ്രതിരോധനിര താരം സെർജിയോ റെഗിലോൺ ക്ലബ് വിട്ട് ടോട്ടെൻഹാമിലേക്ക് ചേക്കേറിയത്. കഴിഞ്ഞ സീസണിൽ സെവിയ്യയിൽ ലോണിൽ കളിച്ച താരമായിരുന്നു റെഗിലോൺ. എന്നാൽ മിന്നും പ്രകടനം നടത്തിയിട്ടും താരത്തെ റയൽ മാഡ്രിഡ്‌ നിലനിർത്താതെയിരിക്കുകയായിരുന്നു. താരത്തോടൊപ്പം തന്നെ ഗാരെത് ബെയിലും ടോട്ടൻഹാമിലേക്ക് കൂടുമാറിയിരുന്നു.എന്നാൽ റയൽ മാഡ്രിഡിനോടുള്ള സ്നേഹം ഒരിറ്റ് പോലും കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് റെഗിലോൺ.

നിലവിൽ മോശം ഫോമിലാണ് റയൽ മാഡ്രിഡ്‌ കളിക്കുന്നത്. അതിനാൽ റയലിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കാതെ യൂറോപ്പ ലീഗിൽ നേരിടേണ്ടി വരുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മിണ്ടാതിരിക്കാൻ പറഞ്ഞാണ് റെഗിലോൺ പ്രതികരിച്ചത്. റയൽ മാഡ്രിഡ്‌ മുന്നോട്ട് കടന്നു വരുമെന്നും ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തിന് അവർ തന്നെ പരിഹാരം കണ്ടെത്തുമെന്നും റെഗിലോൺ പറഞ്ഞു. നിലവിൽ സ്പെയിൻ ടീമിനൊപ്പമാണ് താരം. അവിടെ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

കൂടാതെ തന്റെ സഹതാരമായ ബെയ്‌ലിനെ കുറിച്ച് സംസാരിക്കാനും റെഗിലോൺ സമയം കണ്ടെത്തി. റയലിനെ യൂറോപ്പ ലീഗിൽ നേരിടേണ്ടി വരുമോ എന്ന ചോദ്യത്തിന് താരം ഉത്തരം നൽകിയത് ഇങ്ങനെയാണ്. ” മിണ്ടാതിരിക്കൂ സുഹൃത്തേ മിണ്ടാതിരിക്കൂ.. അത് വളരെയധികം മോശം സൂചനയായി പോയി. റയൽ മാഡ്രിഡ്‌ മുന്നോട്ട് കടന്നു വരിക തന്നെ ചെയ്യും. ചാമ്പ്യൻസ് ലീഗിൽ അവർക്ക്‌ എന്ത് സംഭവിച്ചുവോ അതിനവർ പരിഹാരം കണ്ടെത്തുക തന്നെ ചെയ്യും ” റെഗിലോൺ പറഞ്ഞു.

” ചില സമയത്ത് ചില കാര്യങ്ങൾക്ക്‌ വേണ്ടി ബെയ്ൽ ആണ് എന്റെ ട്രാൻസ്ലേറ്ററായി പ്രവർത്തിക്കാറുള്ളത്. സഹതാരങ്ങളുമായി ഇംഗ്ലീഷ് സംസാരിക്കുന്നതാണ് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായത്. ടോട്ടൻഹാമിൽ അദ്ദേഹം സന്തോഷവാനാണ്, അനുയോജ്യനുമാണ് ” റെഗിലോൺ പറഞ്ഞു. നിലവിൽ ഹോസെ മൊറീഞ്ഞോക്ക്‌ കീഴിൽ മിന്നും പ്രകടനമാണ് റെഗിലോൺ കാഴ്ച്ചവെക്കുന്നത്. പ്രീമിയർ ലീഗിലും യൂറോപ്പ ലീഗിലും ടോട്ടൻഹാം മികച്ച ഫോമിലാണ്.