2026-ലെ വേൾഡ് കപ്പ് നേടാൻ തന്റെ രാജ്യത്തിന് സാധിച്ചേക്കും,ആത്മവിശ്വാസത്തോടെ ബാഴ്സ താരം പറയുന്നു.
ഈ സീസണിലായിരുന്നു ഡച്ച് ക്ലബായ അയാക്സിൽ നിന്നും അമേരിക്കക്കാരനായ സെർജിനോ ഡെസ്റ്റ് ബാഴ്സയിലേക്ക് കൂടുമാറിയത്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഈ യുവതാരം ഭേദപ്പെട്ട പ്രകടനമാണ് ബാഴ്സക്ക് വേണ്ടി കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ ഗോളോ അസിസ്റ്റോ നേടാൻ സാധിച്ചിട്ടില്ലെങ്കിലും പ്രതിരോധത്തിൽ കൂമാന്റെ വിശ്വാസ്യത പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
അമേരിക്കക്കാരനായ താരം നിലവിൽ തന്റെ ദേശീയ ടീമിനൊപ്പമാണ്. വെയിൽസ്, പനാമ എന്നിവർക്കെതിരെയാണ് അമേരിക്ക ഈ മാസം മത്സരങ്ങൾ കളിക്കുന്നത്. അതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് താരം തന്റെ ദേശീയ ടീമിനെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചത്. 2022-ൽ സാധ്യത ഇല്ലെങ്കിലും 2026-ൽ സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന വേൾഡ് കപ്പ് ജേതാക്കളാവാൻ സാധ്യതയുള്ള ടീമാണ് അമേരിക്കയെന്നാണ് ഇദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.
Barça's Sergiño Dest: USA can win the World Cup in 2026 https://t.co/wSVpVs7ZzK
— SPORT English (@Sport_EN) November 11, 2020
” എല്ലാവരും വേൾഡ് കപ്പിൽ കളിക്കാൻ ആഗ്രഹിക്കുന്നത് ഞാൻ കാണാറുണ്ട്. പ്രത്യേകിച്ച് അമേരിക്കക്ക് വേണ്ടി. നിലവിലെ താരങ്ങൾ വേൾഡ് കപ്പിൽ കളിക്കുകയും അത് വഴി വലിയ തോതിലുള്ള ഒരു നേട്ടം കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ഞങ്ങൾ അതിൽ നിന്നും അധികം ദൂരയൊന്നുമല്ല. കിരീടജേതാക്കളാവാൻ ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും. എനിക്ക് തോന്നുന്നത് വരാനിരിക്കുന്ന തലമുറ ഒരു മികച്ച തലമുറയാണ്. ലോകത്തിന് മുമ്പിൽ ഞങ്ങളത് തെളിയിക്കുകയും ചെയ്യും ” ഡെസ്റ്റ് തുടരുന്നു.
” ഞങ്ങൾക്ക് മുമ്പിൽ ഒരുപാട് അവസരങ്ങളുണ്ട്. പക്ഷെ വേൾഡ് കപ്പ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളതായി എനിക്ക് തോന്നുന്നത് 2026-ലാണ്. ഞങ്ങളുടെ ടീമിൽ ഒരുപാട് യുവതാരങ്ങളുണ്ട്. 2022-ലെ വേൾഡ് കപ്പ് അവർക്കെല്ലാം പരിചയസമ്പത്ത് കൈവരുത്താൻ സഹായകമാവും. 2022-ലെ വേൾഡ് കപ്പിൽ തന്നെ ഞങ്ങൾക്ക് ഒരുപാട് മുന്നേറാനാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷെ ഉറപ്പ് പറയാനൊക്കില്ല ” ഡെസ്റ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു. മെക്സിക്കോ, കാനഡ എന്നിവർക്കൊപ്പം അമേരിക്കയും 2026-ലെ വേൾഡ് കപ്പിന് ആതിഥേയത്യം വഹിക്കുന്നുണ്ട്.