വഴിത്തിരിവ്, ബാഴ്സയിലേക്ക് തിരികെയെത്തുന്നതിനെ കുറിച്ച് നെയ്മർ വീണ്ടുമാലോചിക്കുന്നു, കാരണമിങ്ങനെ.
സൂപ്പർ താരം നെയ്മർ ജൂനിയർ ബാഴ്സയിലേക്ക് മടങ്ങിവരാനുള്ള തന്റെ ആഗ്രഹവും മോഹവും ഉപേക്ഷിച്ചുവെന്നും പിഎസ്ജിയുമായി പുതിയ കരാറിൽ ഏർപ്പെട്ടു കൊണ്ട് പാരീസിൽ തന്നെ തുടരും എന്നുള്ള വാർത്തകൾ ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വിട്ടത് ഫ്രഞ്ച് മാധ്യമങ്ങളായിരുന്നു. ഇതിനെ തുടർന്ന് പിഎസ്ജി അധികൃതർ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് താരവുമായി ചർച്ചകൾ ആരംഭിച്ചുവെന്നും റിപ്പോർട്ടുകൾ പ്രതിപാദിച്ചിരുന്നു.
എന്നാൽ സംഭവത്തിലെ മറ്റൊരു വഴിത്തിരിവ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ സ്പോർട്ട്. ബാഴ്സയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്ട് ഫ്രഞ്ച് മാധ്യമങ്ങളെ നിഷേധിക്കുകയാണ് ചെയ്തത്. നെയ്മർ ബാഴ്സയിലേക്ക് മടങ്ങി വരാനുള്ള മോഹം ഉപേക്ഷിച്ചിട്ടില്ലെന്നും താരം ഇപ്പോഴും അക്കാര്യത്തെ പരിഗണിക്കുന്നുമുണ്ട് എന്നാണ് സ്പോർട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സീസണിന്റെ അവസാനത്തിലാണ് നെയ്മർ ഇക്കാര്യത്തെ കുറിച്ച് തീരുമാനം കൈക്കൊള്ളുക.
Neymar sounded out by potential Barça presidents https://t.co/bfpJ1Thzzo
— SPORT English (@Sport_EN) November 13, 2020
എഫ്സി ബാഴ്സലോണയിൽ പുതിയ ബോർഡിന്റെ വരവിനായാണ് നെയ്മർ കാത്തിരിക്കുന്നത് എന്നാണ് സ്പോർട്ട് പറയുന്നത്. അതിന് ശേഷം താരം ബാഴ്സയിലേക്ക് തിരികെ എത്താനുള്ള സാധ്യതകളെ പറ്റി അന്വേഷിക്കും. ബാഴ്സയുടെ പ്രസിഡന്റ് സ്ഥാനാർഥികളിൽ ചിലർക്ക് നെയ്മറെ തിരികെയെത്തിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ഒരുപാട് പ്രശ്നങ്ങളെ താരത്തിനും ബാഴ്സക്കും മറികടക്കേണ്ടതുണ്ട്. താരത്തെ എത്തിക്കാനുള്ള ഒരു സാമ്പത്തികസ്ഥിതി നിലവിൽ ബാഴ്സക്കില്ല. പക്ഷെ പുതിയ ബോർഡ് വന്നാൽ അതിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുമ്പ് പല കുറി നെയ്മറെ തിരികെയെത്തിക്കുന്നതുമായി ബാഴ്സയിൽ ചർച്ചകൾ നടന്നിട്ടുണ്ട്. രാജിവെച്ച ബർതോമ്യു തന്നെ ഇക്കാര്യത്തെ പറ്റി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. നെയ്മർക്കും ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഏറ്റവും പുതുതായി നൽകിയ അഭിമുഖത്തിൽ താൻ പിഎസ്ജിയിൽ സന്തോഷവാനാണ് എന്ന് നെയ്മർ തന്നെ നേരിട്ട് തുറന്നു പറഞ്ഞിരുന്നു.