കൂമാന്റെ സ്വപ്നതാരത്തെ നോട്ടമിട്ട് റയൽ മാഡ്രിഡും, കളത്തിന് പുറത്തും എൽ ക്ലാസിക്കോയൊരുങ്ങുന്നു.
കീക്കെ സെറ്റിയനെ പുറത്താക്കിയതിന് പിന്നാലെയാണ് ബാഴ്സയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ എത്തുന്നത്. അദ്ദേഹം വന്നയുടനെ തന്നെ ബാഴ്സയിൽ എത്തിക്കാൻ ആഗ്രഹിച്ചിരുന്നത് ഒരുപിടി ഡച്ച് താരങ്ങളെയായിരുന്നു. ഡോണി വാൻ ഡി ബീക്ക്, മെംഫിസ് ഡീപേ, വൈനാൾഡം എന്നീ പേരുകളൊക്കെ ഇതിൽ ഉയർന്നു കേട്ടിരുന്നു.
എന്നാൽ ഇതിലാരെയും ബാഴ്സക്ക് ലഭിച്ചില്ല. പക്ഷെ ഈ വരുന്ന ട്രാൻസ്ഫർ ജാലകങ്ങളിൽ ബാഴ്സക്ക് ടീമിലെത്തിക്കാൻ എളുപ്പമുള്ള താരങ്ങളാണ് ഡീപേയും വൈനാൾഡവും. ഈ സീസൺ കഴിയുന്നതോട് കൂടി ഇരുതാരങ്ങളും കരാർ അവസാനിച്ച് ഫ്രീ ഏജന്റുമാരാവും. അതിനാൽ തന്നെ ഇരുവരെയും കൺവിൻസ് ചെയ്യാൻ സാധിച്ചാൽ ബാഴ്സക്ക് ഈ ഡച്ച് താരങ്ങളെ ക്യാമ്പ് നൗവിൽ എത്തിക്കാം. എന്നാൽ വൈനാൾഡത്തിന്റെ കാര്യത്തിൽ ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാവില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
Madrid get involved in battle for Wijnaldum https://t.co/TiKvDh8xTK
— SPORT English (@Sport_EN) November 18, 2020
താരത്തിന് വേണ്ടി ചിരവൈരികളായ റയൽ മാഡ്രിഡ് ട്രാൻസ്ഫർ മാർക്കറ്റിൽ രംഗപ്രവേശനം ചെയ്തേക്കുമെന്നാണ് വാർത്തകൾ. ഇറ്റാലിയൻ മാധ്യമമായ കൊറയ്റേ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ജനുവരിയിൽ തന്നെ താരത്തെ റാഞ്ചാൻ റയൽ ശ്രമം നടത്തുമെന്നാണ് വാർത്തകൾ.ബാഴ്സയും താരത്തിന് വേണ്ടി ഈ ജനുവരി ട്രാൻസ്ഫറിൽ ശ്രമിക്കാനുള്ള ഒരുക്കത്തിലാണ്.
നിലവിൽ ലിവർപൂളിലാണ് താരം. നിരവധി മധ്യനിര താരങ്ങൾ ലിവർപൂളിൽ ഉള്ളത് കൊണ്ട് തന്നെ നല്ല കോമ്പിറ്റീഷനാണ്. അതിനാൽ തന്നെ താരം കരാർ പുതുക്കാൻ സാധ്യതകൾ കുറവാണ്. റയൽ മാഡ്രിഡ് പരിശീലകൻ സിദാനാവട്ടെ മധ്യനിരയിലേക്ക് താരങ്ങളെ ആവിശ്യവുമാണ്. ഏതായാലും റയൽ മാഡ്രിഡ് ശക്തമായി തന്നെ രംഗത്തുണ്ടാവുമോ എന്ന് കാണേണ്ടിയിരിക്കുന്നു.