കോർട്ടുവയുമായി ബാഴ്സ കരാറിൽ എത്തിയിരുന്നുവെന്ന് മുൻ ഡയറക്ടർ, സത്യാവസ്ഥ വെളിപ്പെടുത്തി റയൽ മാഡ്രിഡ്‌ ഗോൾകീപ്പർ !

കഴിഞ്ഞ ദിവസമായിരുന്നു എഫ്സി ബാഴ്സലോണയുടെ മുൻ ഡയറക്ടറായ ഹവിയർ ബോർഡസ് ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നത്. നിലവിലെ റയൽ മാഡ്രിഡ്‌ ഗോൾകീപ്പർ തിബൗട്ട് കോർട്ടുവയുമായി ബാഴ്സ അനൗദ്യോഗികകരാറിൽ എത്തിയിരുന്നുവെന്നും പിന്നീട് ബാഴ്സ അത് ഉപേക്ഷിച്ചു കൊണ്ട് ടെർ സ്റ്റീഗനെ സൈൻ ചെയ്യുകയുമായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 2014-ലായിരുന്നു ഇത്. അന്ന് അത്ലെറ്റിക്കോ മാഡ്രിഡിൽ ലോണിൽ കളിച്ചിരുന്ന കോർട്ടുവ ലോൺ കാലാവധി പൂർത്തിയാക്കി ചെൽസിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഈ അവസരത്തിലാണ് ബാഴ്സ താരവുമായി അനൗദ്യോഗികകരാറിൽ എത്തിയെന്ന് ബോർഡസ് വാദിച്ചത്.

പിന്നീട് ക്ലബ് ബോർഡ് തന്നെ കോർട്ടുവയെ വേണ്ടെന്ന് വെക്കുകയും ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിൽ ടെർസ്റ്റീഗനെ റാഞ്ചുകയുമായിരുന്നു എന്നാണ് ഇദ്ദേഹം അറിയിച്ചത്.എന്നാൽ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് കോർട്ടുവ. തികച്ചും വ്യാജമായ കാര്യമാണ് അദ്ദേഹം പറഞ്ഞതെന്നും താൻ ബാഴ്സയുമായി കരാറിൽ എത്തിയിട്ടില്ലെന്നുമാണ് കോർട്ടുവ അറിയിച്ചത്. മാർക്കക്ക്‌ നൽകിയ അഭിമുഖത്തിലാണ് കോർട്ടുവ മുൻ ബാഴ്‌സ ഡയറക്ടറുടെ വാദങ്ങളെ തള്ളിപറഞ്ഞത്.

” ഞാൻ ബാഴ്സയുമായി കരാറിൽ എത്തിയിരുന്നു എന്ന വാർത്ത ഒരിക്കലും സത്യമല്ല. ഞാൻ ചെൽസിയിലായിരുന്നു. ഞാൻ അത്ലേറ്റിക്കോക്ക്‌ വേണ്ടി ലോണിൽ കളിച്ചു. ഞാൻ ചെൽസിയിലേക്ക് മടങ്ങുമെന്ന് എനിക്കറിയാമായിരുന്നു. കാരണം ഞാൻ അവിടെയായിരുന്നു കളിക്കാൻ ആഗ്രഹിച്ചിരുന്നത്. എന്ത്‌കൊണ്ടാണ് പലരും ഇങ്ങനെ പറയുന്നത് എന്നെനിക്കറിയില്ല. ഏതായാലും ആ പറഞ്ഞതൊക്കെയും വ്യാജമാണ് ” കോർട്ടുവ തുടർന്നു.

” പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വരുന്ന ഇത്തരം കാര്യങ്ങളോട് പ്രതികരിക്കേണ്ട എന്നായിരുന്നു എന്റെ തീരുമാനം. എന്റെ സ്വപ്നം റയൽ മാഡ്രിഡിന് വേണ്ടി കളിക്കുക എന്നായിരുന്നു എന്നുള്ളത് ഇവിടുത്തെ ജനങ്ങൾക്കറിയാം. അത്കൊണ്ട് തന്നെ ഞാൻ ഇവിടെ സന്തോഷവാനുമാണ് ” കോർട്ടുവ അറിയിച്ചു. തുടക്കത്തിൽ റയൽ മാഡ്രിഡിൽ ഫോം കണ്ടെത്താൻ കോർട്ടുവ വിഷമിച്ചിരുന്നു. എന്നാൽ പിന്നീട് താരം ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു.