ഗോളടിച്ച് ലൗറ്ററോയും ഗോൺസാലസും, പെറുവിനെയും തകർത്തെറിഞ്ഞ് അർജന്റീന !

ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ കരുത്തരായ അർജന്റീനക്ക്‌ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പെറുവിനെ തകർത്തു വിട്ടത്. കഴിഞ്ഞ മത്സരത്തിൽ പരാഗ്വയോടേറ്റ സമനിലയുടെ ക്ഷീണം തീർക്കാൻ ഈ ജയത്തോടെ അർജന്റീനക്ക്‌ സാധിച്ചു. അർജന്റീനക്ക്‌ വേണ്ടി നിക്കോളാസ് ഗോൺസാലസും ലൗറ്ററോ മാർട്ടിനെസുമാണ് ഗോൾവല ചലിപ്പിച്ചത്.

ജയത്തോടെ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനം ഭദ്രമാക്കാൻ മെസ്സിക്കും സംഘത്തിനും കഴിഞ്ഞു. നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമായി പത്ത് പോയിന്റാണ് അർജന്റീനയുടെ പോക്കറ്റിലുള്ളത്. നാലിൽ നാലും വിജയിച്ച ബ്രസീൽ ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്നത്തെ മത്സരത്തിൽ ബ്രസീൽ ഉറുഗ്വയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ തകർത്തിരുന്നു. ഇനി മാർച്ചിൽ നടക്കുന്ന മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടും.

മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടിക്കൊണ്ട് അർജന്റീന വിജയമുറപ്പിച്ചിരുന്നു. പതിനേഴാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസും ഇരുപത്തിയെട്ടാം മിനുട്ടിൽ ലൗറ്ററോ മാർട്ടിനെസുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. കഴിഞ്ഞ പരാഗ്വക്കെതിരെയുള്ള മത്സരത്തിലും അർജന്റീനയുടെ രക്ഷകനായത് നിക്കോളാസ് ഗോൺസാലസായിരുന്നു. ലോ സെൽസോ, പരേഡസ് എന്നിവരാണ് ഇന്നത്തെ അസിസ്റ്റുകൾ കരസ്ഥമാക്കിയത്.

ഭേദപ്പെട്ട പ്രകടനമാണ് മെസ്സിയുടെ ഭാഗത്തു നിന്നുണ്ടായത്. രണ്ടാം പകുതിയിൽ അർജന്റീനയോട് കിടപിടിക്കുന്ന പ്രകടനമാണ് പെറു നടത്തിയതെങ്കിലും ഗോളുകൾ നേടാൻ കഴിഞ്ഞില്ല. ഏതായാലും വർഷങ്ങൾക്ക്‌ ശേഷം പെറുവിന്റെ മൈതാനമായ ലിമയിൽ വിജയിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സ്കലോണിയും സംഘവും. ഇനി അടുത്ത വർഷം മാർച്ചിലാണ് മത്സരങ്ങൾ നടക്കുക.

Rate this post