അർജൻറീനിയൻ താരത്തിന്റെ കരിയർ മാറ്റിമറിക്കുന്ന തീരുമാനവുമായി ബിയൽസ

നീണ്ട പതിനാറു വർഷത്തിനു ശേഷം പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവ് ആഘോഷിക്കുകയാണ് ലീഡ്സ് യുണൈറ്റഡ്. അർജൻറീനിയൻ പരിശീലകനായ മാഴ്സലോ ബിയൽസയാണ് അവരുടെ തിരിച്ചു വരവിന്റെ പ്രധാന കാരണമെന്നത് ലീഡ്സിന് വലിയ ശ്രദ്ധ ലഭിക്കാനും കാരണമാക്കിയിട്ടുണ്ട്. എന്തായാലും തിരിച്ചുവരവ് ഗംഭീരമാക്കാൻ ടീമിനെ വാർത്തെടുക്കാൻ ഒരുങ്ങുകയാണ് ബിയൽസ.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ടോട്ടനം ഹോസ്പറിനു വേണ്ടി കളിക്കുന്ന അർജൻറീനിയൻ പ്രതിരോധ താരമായ ജുവാൻ ഫൊയ്ത്തിനെ ലക്ഷ്യമിട്ടാണ് ബിയൽസ കരുക്കൾ നീക്കുന്നത്. ഇരുപത്തിരണ്ടുകാരനായ താരം ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ബിയൽസക്കു കീഴിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഫൊയ്ത്ത് ലീഡ്സിലെത്തുകയാണെങ്കിൽ അതു താരത്തിനും അർജൻറീനക്കും ഗുണം ചെയ്യും. പൊചെട്ടിനോക്കു കീഴിലും അർജൻറീനിയൻ ടീമിലും മികച്ച പ്രകടനം നടത്തി ഉയർന്നു വരികയായിരുന്ന താരത്തിനു പക്ഷേ മൗറീന്യോ ടോട്ടനം പരിശീലകനായതിനു ശേഷം അവസരങ്ങൾ തീരെ കുറവാണ്. ടോട്ടനം വിടണമെന്ന് താരവും ഇതുകൊണ്ടാണ് താൽപര്യപ്പെടുന്നത്.

പതിനഞ്ചു ദശലക്ഷം യൂറോയുടെ ട്രാൻസ്ഫറിൽ ഫൊയ്ത്തിനെ സ്വന്തമാക്കാനാണ് ലീഡ്സ് ഒരുങ്ങുന്നത്. അടുത്ത വർഷം കോപ അമേരിക്ക നടക്കാനിരിക്കെ താരത്തിന്റെ അർജന്റീനിയൻ ടീമിലെ ഭാവി തീരുമാനിക്കുന്ന ഒരു ട്രാൻസ്ഫറിനാണു ബിയൽസ ശ്രമിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.

Rate this post